വോട്ടുപെട്ടി കാണാതായ 
സംഭവം ഞെട്ടിപ്പിക്കുന്നത്, അന്വേഷണം വേണമെന്ന് നജീബ് കാന്തപുരം എംഎൽഎ

വോട്ടുപെട്ടി കാണാതായ സംഭവം ഞെട്ടിപ്പിക്കുന്നത്, അന്വേഷണം വേണമെന്ന് നജീബ് കാന്തപുരം എംഎൽഎ

പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കത്തിലായിരുന്ന വോട്ടുപ്പെട്ടികളിലൊന്നാണ് കാണാതാവുകയും പിന്നീട് മറ്റൊരിടത്ത് നിന്ന് കണ്ടെത്തുകയും ചെയ്തത്
Updated on
1 min read

പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. സഹ രജിസ്റ്റാറുടെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണിത്. എന്ത് അട്ടിമറിയാണ് നടന്നത് എന്ന് അന്വേഷിക്കണമെന്നും എംഎല്‍എ പറഞ്ഞു. സംഭവം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി പറഞ്ഞില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും നജീബ് കാന്തപുരം കൂട്ടിച്ചേർത്തു.

വോട്ടുകള്‍ അസാധുവാണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കണ്ടാല്‍ എല്ലാവരും കരുതുക എവിടെയോ എണ്ണാതെ വെച്ച 348 വോട്ടുണ്ടായിരുന്നുവെന്നാണ്. എന്നാല്‍ അങ്ങനെയല്ല സംഭവമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ഈ വോട്ടുകള്‍ സാധുവാണോ അസാധുവാണോയെന്ന ചോദ്യമാണ് കോടതിക്ക് മുന്നിലുള്ളതെന്നും എംഎല്‍എ പറഞ്ഞു.

സ്‌ട്രോങ്ങ് റൂം തുറന്ന് ബാലറ്റ് പേപ്പര്‍ മോഷണം പോകുന്ന സ്ഥിതിയാണെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ബാലറ്റ് പെട്ടി എങ്ങനെയാണ് മാറി പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. സ്ഥാനാര്‍ഥി എന്ന നിലയില്‍ തനിക്ക് ഒരു അറിവും ലഭിച്ചിട്ടില്ല. വലിയ സാമ്പത്തിക ശേഷിയുള്ളവരാണ് മറുഭാഗത്തുള്ളത്. എന്ത് അട്ടിമറിക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കത്തിലായിരുന്ന വോട്ടുപ്പെട്ടികളിലൊന്നാണ് കാണാതാവുകയും പിന്നീട് മറ്റൊരിടത്ത് നിന്ന് കണ്ടെത്തുകയും ചെയ്തത്. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടിന്റെ പെട്ടികളിലൊന്നാണ് കാണാതായത്. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് ബാലറ്റ് പെട്ടി കണ്ടെത്തിയത്. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ ആയിരുന്നു മൂന്ന് പെട്ടികളും സൂക്ഷിച്ചിരുന്നത്. ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഉത്തരവിനെ തുടര്‍ന്ന് ഇന്ന് രാവിലെ പെട്ടി കൊണ്ടുപോകാന്‍ ട്രഷറിയിലെത്തി സ്‌ട്രോങ് റൂം തുറന്നപ്പോഴാണ് ഒരു പെട്ടി കാണാനില്ലെന്ന വിവരം അറിഞ്ഞത്. പിന്നീട് നടത്തിയ തെരച്ചിലില്‍ പെട്ടികള്‍ ജില്ലാ സഹകരണ രജിസ്ട്രാറുടെ മലപ്പുറം ഓഫീസില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് ജയിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ കെപിഎം മുസ്തഫയാണ് വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുസ്തഫയുടെ ഹര്‍ജി പ്രകാരമാണ് വോട്ടുപെട്ടികള്‍ ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായത്.

logo
The Fourth
www.thefourthnews.in