പ്രധാനമന്ത്രി കൽപ്പറ്റയിൽ;  
കാർമാർഗം ചൂരൽമലയിലേക്ക്,
ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഉടൻ

പ്രധാനമന്ത്രി കൽപ്പറ്റയിൽ; കാർമാർഗം ചൂരൽമലയിലേക്ക്, ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഉടൻ

വയനാട്ടിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
Updated on
3 min read

ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ. രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു തിരിച്ചു. കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം കാർമാർഗം ചൂരൽമലയിലേക്ക് പുറപ്പെട്ടു.

ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ദുരന്തഭൂമി സന്ദര്‍ശിച്ചശേഷമാണു പ്രധാനമന്ത്രി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നത്. വയനാട് കലക്ടറേറ്റില്‍ നടത്തുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ രാവിലെ 11.10നാണു പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, ബിജെപി നേതാക്കളായ എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിമാനത്തിൽ അനുഗമിച്ചു.

സ്വീകരണത്തിനുശേഷം 11.17ന് പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി എന്നിവർ അതേ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിച്ചു.

വയനാട് ഉരുള്‍പൊട്ടലിന്‌റെ പന്ത്രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കുന്നത് പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. സന്ദർശനത്തിനുശേഷം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ അതോ പ്രത്യേക പാക്കേജ് മാത്രമാകുമോയെന്നതാണ് ഏവരും ഒറ്റുനോക്കുന്നത്.

മോശം കാലാവസ്ഥയെങ്കിൽ റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും ഇന്നലെ പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ദുരന്ത ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി മൂന്നു മണിക്കൂര്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞിരുന്നു. ബെയ്‌ലി പാലം വരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. വൈകിട്ട് 3.45-നാകും കണ്ണൂരില്‍നിന്ന് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക.

പ്രധാനമന്ത്രി കൽപ്പറ്റയിൽ;  
കാർമാർഗം ചൂരൽമലയിലേക്ക്,
ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഉടൻ
അടിയന്തരമായി 10,000 രൂപ, ദൈനംദിന ചെലവിന് കുടുംബത്തിലെ രണ്ടുപേർക്ക് 300 രൂപ; ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് സർക്കാർ ധനസഹായം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വയനാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ ഇന്ന് ജനകീയ തിരച്ചില്‍ ഉണ്ടായിരിക്കില്ല. നാളെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇന്ന് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ദുരന്തത്തില്‍ 413 പേരാണ് മരിച്ചത്. 152 ഓളം പേരെ കണ്ടെത്താനായിട്ടില്ല.

ഇന്ന് ജില്ലയില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ. ടാക്‌സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ രാവിലെ 11 മുതല്‍ പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കല്‍പ്പറ്റ-കൈനാട്ടി ബൈപാസ് ജംഗ്ഷന്‍ മുതല്‍ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗണ്‍ മുതല്‍ ചൂരല്‍മല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി ഗാരേജ് ജങ്ഷന്‍ വരെയും പാര്‍ക്കിങ് നിയന്ത്രണം ബാധകമാണ്.

സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ, കൈനാട്ടി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപ്പാസ് റോഡില്‍ കയറി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കല്‍പ്പറ്റ ബൈപാസിലൂടെ പോകണം. കോഴിക്കോട് നിന്ന് മാനന്തവാടി, ബത്തേരി ഭാഗത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കല്‍പ്പറ്റ ജനമൈത്രി ജങ്ഷന്‍ കഴിഞ്ഞുള്ള ബൈപാസ് റോഡിലൂടെ കയറി ആളെയിറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബൈപാസിലൂടെ തന്നെ പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നുവരുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ മൂപ്പൈനാട് - നെടുമ്പാല - തൃക്കൈപ്പറ്റ - മുട്ടില്‍ - കൈനാട്ടി വഴി ബൈപാസിലേക്ക് കയറണം. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്ന് കല്‍പ്പറ്റക്ക് വരുന്ന വാഹനങ്ങള്‍ ബൈപാസില്‍ കയറി കൈനാട്ടി ജങ്ഷനില്‍ ആളെയിറക്കി തിരിച്ചു പോകണം.

പ്രധാനമന്ത്രി കൽപ്പറ്റയിൽ;  
കാർമാർഗം ചൂരൽമലയിലേക്ക്,
ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഉടൻ
വയനാട് ദുരന്തം: എല്ലായിടവും അരിച്ചുപെറുക്കി ജനകീയ തെരച്ചില്‍; സംഘത്തില്‍ മന്ത്രി റിയാസും, മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല

ബത്തേരി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ കൈനാട്ടി ജങ്ഷനില്‍ നിന്നു തിരിഞ്ഞ് പുളിയാര്‍മല - മണിയന്‍കോട് മുണ്ടേരി - വെയര്‍ഹൗസ് ജങ്ഷൻ-പുഴമുടി-വെള്ളാരംകുന്ന് വഴി പോകേണ്ടതാണ്. മാനന്തവാടി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നാലാംമൈല്‍-വെള്ളമുണ്ട- കുറ്റ്യാടി ചുരം വഴി പോകണം. കോഴിക്കോട് ഭാഗത്ത് നിന്നു മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വൈത്തിരി -പൊഴുതന - പടിഞ്ഞാറത്തറ വഴിയാണ് പോകേണ്ടത്. കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈത്തിരി -പൊഴുതന- പടിഞ്ഞാറത്തറ- കമ്പളക്കാട് - പച്ചിലക്കാട്-മീനങ്ങാടി വഴി പോകണം. വടുവന്‍ചാല്‍ ഭാഗത്ത് നിന്നും കല്‍പ്പറ്റയിലേക്കുള്ള വാഹനങ്ങള്‍ മൂപ്പൈനാട്-നെടുമ്പാല-തൃക്കൈപ്പറ്റ - മുട്ടില്‍ വഴിയും പോകണം.

ബത്തേരി ഭാഗത്ത് നിന്നു കോഴിക്കോടേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ ബീനാച്ചി -കേണിച്ചിറ -പനമരം -നാലാംമൈല്‍ വഴിയോ മീനങ്ങാടി -പച്ചിലക്കാട് - നാലാംമൈല്‍ വഴിയോ കുറ്റ്യാടി ചുരം വഴി പോകണം. മാനന്തവാടി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ നാലാംമൈല്‍ - വെള്ളമുണ്ട വഴി കുറ്റ്യാടി ചുരം വഴിയും പോകേണ്ടതാണ്.

logo
The Fourth
www.thefourthnews.in