ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിലെന്ന് പ്രധാനമന്ത്രി; 'തൊഴിൽ സൃഷ്ടിക്കുന്നതിൽ കേരളത്തിന് ശ്രദ്ധയില്ല'
ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും സംസ്ഥാന സർക്കാരിനെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ ഇന്ത്യയും കോവിഡ് കാലത്തെ പ്രവർത്തനങ്ങളും അടക്കമുളള ഉയർത്തിക്കാട്ടിയായിരുന്നു കൊച്ചിയിൽ ബിജെപിയുടെ യുവം പരിപാടിയിൽ പ്രധാനമന്ത്രി സംസാരിച്ചത്. കേരളത്തിലെത്തുമ്പോൾ പ്രത്യേക ഉർജം ലഭിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്വർണക്കടത്ത് കേസടക്കം പരാമർശിച്ചു.
രാജ്യത്തിന്റെ പ്രതീക്ഷ യുവാക്കളിൽ ആണ്. യുവാക്കൾക്കായി കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്നും തന്റെ പ്രതീക്ഷ യുവാക്കളിലാണെന്നും യുവാക്കൾക്കൊപ്പമാണ് ബിജെപിയെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രതിനിധികളാണ് യുവാക്കൾ. പ്രസരിപ്പുളള യുവാക്കളാണ് രാജ്യത്തിന്റെ ശക്തിയെന്നും ഇന്ത്യ ലോകത്തെ മാറ്റി മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്യാഗികളുടെ തുടർച്ചയാണ് കേരളത്തിലെ യുവത. ബിജെപിയും യുവാക്കളും ഒരേ കാഴ്ചപ്പാടുളളവരാണെന്നും രാജ്യത്തിന് വികസനത്തിനായി വ്യവസായത്തിന് മുൻതൂക്കം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഇന്ത്യ അതിവേഗം വളരുന്ന രാജ്യമായി മാറിയിരിക്കുന്നു. രാജ്യം അമൃതകാലത്തിലേക്കുളള യാത്രയിലാണെന്നും മുൻ സർക്കാരുകൾ കുംഭകോണങ്ങളിലാണ് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദി ശങ്കരൻ, ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെ സംഭവാനകൾ എടുത്തുപറഞ്ഞ മോദി കേരള സർക്കാരിനെയും അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുന്നതിൽ അല്ല മുൻകാല സർക്കാരുകൾ ശ്രദ്ധിച്ചിരുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ യുവാക്കൾക്ക് ലഭിക്കേണ്ടുന്ന അവസരങ്ങൾ രാഷ്ട്രീയം പറഞ്ഞ് ഇല്ലതാക്കി. തൊഴിൽ സൃഷ്ടിക്കുന്നതിൽ കേരളത്തിന് ശ്രദ്ധയില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് മോദി
കേരളത്തിലെത്തുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നു. ജി20 യോഗം നടന്നപ്പോൾ കേരളീയർ മികവുകാട്ടിയിരുന്നു . സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ടെന്നും അത് ഉടൻ പരിഹരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയാണ്. രാജ്യത്തിന്റെ കയറ്റുമതി വർധിപ്പിച്ചുവെന്നും ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ആശയ സംഘർഷം ആണ് നടക്കുന്നത്. ഒരു വശത്ത് സ്വജനപക്ഷപാതവും മറുവശത്ത് കുടുംബവാഴ്ചയും ആണ് നടക്കുന്നത്. സ്വർണക്കടത്ത് അടക്കമുളള കാര്യങ്ങളെ പരാമർശിച്ചുകൊണ്ടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിലാണെന്നും അവരുടെ അധ്വാനം അതിനു വേണ്ടി മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിലൂടെ യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നതെന്നും കേരളത്തിലെ രണ്ട് മുന്നണികൾക്കും സങ്കുചിതമായ കാഴ്ചപ്പാടാണ് ഉളളതെന്നും മോദി ചൂണ്ടിക്കാട്ടി.
മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം, അടുത്തിടെ ബിജെപിയിൽ ചേർന്ന അനിൽ ആന്റണി, നടിമാരായ അപർണ ബാലമുരളി, നവ്യാ നായർ, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, നടന്മാരായ ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യുവം വേദി പങ്കിട്ടു. തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനിയിൽ നടന്ന പരിപാടിയിൽ പ്രിയ മലയാളി യുവ സുഹൃത്തുക്കൾക്ക് നമസ്കാരമെന്ന് മലയാളത്തിൽ പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങയത്.