കേരളത്തിലെ ജനങ്ങള്‍ കഠിനാധ്വാനികള്‍; വാട്ടര്‍മെട്രോയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും മാതൃകയെന്ന് പ്രധാനമന്ത്രി

കേരളത്തിലെ ജനങ്ങള്‍ കഠിനാധ്വാനികള്‍; വാട്ടര്‍മെട്രോയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും മാതൃകയെന്ന് പ്രധാനമന്ത്രി

ഷൊര്‍ണൂര്‍ മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സെമിഹൈസ്പീഡ് ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സര്‍വീസ് നടത്താനാകുമെന്നും പ്രധാനമന്ത്രി
Updated on
1 min read

കൊച്ചി വാട്ടര്‍മെട്രോയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും രാജ്യത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ മേഖലയില്‍ വലിയ സംഭാവന നല്‍കാന്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് സാധിക്കുമെന്നും പാളയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച പ്രധാനമന്ത്രി 3200 കോടിയുടെ മറ്റു പദ്ധതികളും നാടിന് സമര്‍പ്പിച്ചു.

കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരും കഠിനാധ്വാനികളുമാണ്. ലോകത്തിന് കേരളത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്

മലയാളി സ്‌നേഹിതരേ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരും കഠിനാധ്വാനികളുമാണ്. ലോകത്തിന് കേരളത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഇന്ത്യയെക്കുറിച്ചും ലോകത്തെക്കുറിച്ചും കേരളത്തിലെ ജനങ്ങള്‍ ബോധവാന്മാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന് ആദ്യത്തെ വന്ദേ ഭാരതും കൊച്ചി നഗരത്തിന് വാട്ടര്‍മെട്രോയും ലഭിച്ചു. വാട്ടര്‍ മെട്രോ ഗതാഗതക്കുരുക്കിന് പരിഹാരമാണെന്നും വിനോദസഞ്ചാരമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ വികസനപ്രക്രിയയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. കേരളത്തില്‍ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികള്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന വികസനപ്രവർത്തനങ്ങള്‍ക്കായി 2023ലെ ബജറ്റില്‍ പത്ത് ലക്ഷം കോടി രൂപയിലധികം മാറ്റിവച്ചുവെന്നും മുന്‍പുള്ള സര്‍ക്കാരിനെക്കാള്‍ കേരളത്തിലെ റെയില്‍വേ വികസനത്തിനായി കേന്ദ്രത്തിന്റെ വിഹിതം അഞ്ചിരട്ടി വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഷൊര്‍ണൂര്‍ മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സര്‍വീസ് നടത്താനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in