നവകേരള സദസ്: കീഴ്‌വഴക്കം തെറ്റിച്ച് ലീഗിന്റെ ചന്ദ്രിക, രൂക്ഷവിമര്‍ശനവുമായി സമസ്ത

നവകേരള സദസ്: കീഴ്‌വഴക്കം തെറ്റിച്ച് ലീഗിന്റെ ചന്ദ്രിക, രൂക്ഷവിമര്‍ശനവുമായി സമസ്ത

നവകേരള സദസിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധീകരിച്ച ചന്ദ്രിക ദിനപത്രത്തിന്റെ നടപടിയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു
Updated on
2 min read

നവകേരള സദസുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നയിക്കുന്ന കേരള പര്യടനം ആരംഭിക്കാനിരിക്കെ മുസ്ലീം ലീഗ് നിലപാടിനെ ചൊല്ലി വീണ്ടും വിവാദം. നവകേരള സദസിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധീകരിച്ച ചന്ദ്രിക ദിനപത്രത്തിന്റെ നടപടിയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു.

നവകേരള സദസ്: കീഴ്‌വഴക്കം തെറ്റിച്ച് ലീഗിന്റെ ചന്ദ്രിക, രൂക്ഷവിമര്‍ശനവുമായി സമസ്ത
കെ കെ കൊച്ചിന്റെയും എം കുഞ്ഞാമന്റെയും ജീവിതാനുഭവങ്ങളെ ഭയക്കുന്ന വ്യാജ മാര്‍ക്‌സിസ്റ്റുകളുടെ ചരിത്ര ബോധം

ലീഗ് പ്രതിപക്ഷ മുന്നണിയിലിരിക്കുന്ന സമയത്ത് സര്‍ക്കാര്‍ അനുകൂല ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പതിവില്ലെന്നിരിക്കെയാണ് ''ജനമനസ് അറിയാന്‍ നവ കേരള യാത്ര'' എന്ന മുഖ്യമന്ത്രിയുടെ ലേഖനം ശ്രദ്ധ പിടിച്ചുപറ്റുന്നത്. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തേക്ക് ലീഗ് നേതാവ് അബ്ദുള്‍ ഹമീദ് മാസ്റ്ററെ ഉള്‍പ്പെടുത്തിയതും, ഇടത് മുന്നണിയിലേക്ക് മുസ്ലീം ലീഗ് പ്രവേശനത്തിന് ശ്രമിക്കുന്നു എന്നിങ്ങനെയുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ലേഖനം പുതിയ വിവാദത്തിന് തിരികൊളുത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ലേഖനത്തിന് താഴെ നവ കേരള സദസിനെ വിമര്‍ശിക്കുന്ന 'ജനവിരുദ്ധ നയങ്ങള്‍ മറച്ചുവെക്കാന്‍ നവ കേരള സദസ്'' എന്ന പേരിലുള്ള മറ്റൊരു ലേഖനവും ചന്ദ്രിക പ്രസദ്ധീകരിച്ചിട്ടുണ്ട്.

യുഡിഎഫിന് വിരുദ്ധമായ നടപടി ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല

പിഎംഎ സലാം

എന്നാല്‍, ലീഗ് മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ തെറ്റില്ലെന്നാണ് മറ്റൊരു വാദം. നവ കേരള സദസ് സര്‍ക്കാര്‍ പരിപാടിയാണ്. ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട് ലേഖനങ്ങളും പരസ്യങ്ങളും എല്ലാ പത്രങ്ങളും പ്രസിദ്ധീകരിക്കുന്ന പതിവുണ്ട്. ഇത് പത്രങ്ങളുടെ വരുമാനവും പരസ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നുമാണ് മറുവാദം.

നവകേരള സദസ്: കീഴ്‌വഴക്കം തെറ്റിച്ച് ലീഗിന്റെ ചന്ദ്രിക, രൂക്ഷവിമര്‍ശനവുമായി സമസ്ത
'എനിക്കൊരു വീട് തരുമോ?' തൊണ്ടയിടറി ശരവണന്‍ ചോദിക്കുന്നു

അതിനിടെ, സമസ്ത മുഖപത്രം സുപ്രഭാതം നവ കേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ''ഈ സദസ് ആരെ കബളിപ്പിക്കാന്‍'' എന്ന പേരിലുള്ള പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. നിയോജക മണ്ഡലങ്ങള്‍ ചുറ്റി പരാതി കേള്‍ക്കാന്‍ ഇറങ്ങുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ലക്ഷ്യമിടുന്നത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണെന്നാണ് സുപ്രഭാതത്തിന്റെ നിലപാട്. നിത്യ ചെലവിന് പണമില്ലാതെ സംസ്ഥാനം കുഴങ്ങുമ്പോള്‍ നൂറ് കോടിയോളം രൂപ ചെലവിട്ട് നവ കേരള സദസ് സംഘടിപ്പിക്കുന്നു. നവ കേരള സദസിന്റെ ചെലവിലേക്ക് സ്‌പോണ്‍സര്‍ ഷിപ്പിലൂടെ പണം കണ്ടെത്താനുള്ള നിര്‍ദേശം ചങ്ങാത്ത മുതലാളിത്തമല്ലേ എന്ന സംശയം സര്‍ക്കാരിലെ രണ്ടാം കക്ഷിയായ സിപിഐക്ക് പോലുമുണ്ടെന്നും സുപ്രഭാതം കുറ്റപ്പെടുത്തുന്നു.

ഏകീകൃത സിവില്‍ കോഡ്, പലസ്തീന്‍ വിഷയങ്ങളില്‍ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടികളില്‍ സജീവമായി പങ്കെടുത്തു വന്നിരുന്ന സമസ്ത ഇകെ വിഭാഗമാണ് നവ കേരള സദസ് വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതിനിടെ കേരള ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളില്‍ അനാവശ്യ ചര്‍ച്ചകള്‍ വേണ്ടെന്നും മുസ്ലീംലീഗ് യുഡിഎഫിന് ഒപ്പമാണെന്നും പിഎംഎ സലാം പ്രതികരിച്ചു. വിഷയത്തില്‍ കേരള ബാങ്ക് ഭരണ സമിതിയില്‍ മലപ്പുറത്ത് നിന്നുള്ള പ്രതിനിധിയെ കുറിച്ച് പാര്‍ട്ടിയോട് സര്‍ക്കാര്‍ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നേരത്തെ സ്‌റ്റേറ്റ് സഹകരണ ബാങ്ക് എന്ന സംവിധാനം ഉണ്ടായിരുന്നു. ഇതിലും 13 ജില്ലകളില്‍ എല്‍ഡിഎഫ് പ്രതിനിധികളും മലപ്പുറത്ത് നിന്ന് ലീഗ് പ്രതിനിധിയുമായിരുന്നു ഉണ്ടായത്. കേരള ബാങ്ക് വന്നപ്പോള്‍ ആ സാഹചര്യം തുടര്‍ന്നു. പ്രവര്‍ത്തന പരിചയമുള്ള അബ്ദുള്‍ ഹമീദ് മാസ്റ്ററെ ഉള്‍പ്പെടുത്തി. തുടര്‍ച്ച എന്ന നിലയ്ക്കാണ് ഇതിന് പാര്‍ട്ടി അനുമതി നല്‍കിയത്. ഇത് നയംമാറ്റമല്ല. മുസ്ലീം ലീഗ് യുഡിഎഫില്‍ തന്നെയാണ്. യുഡിഎഫ് നയത്തിന് എതിരാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. യുഡിഎഫിന് വിരുദ്ധമായ നടപടി ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in