140 മണ്ഡലങ്ങളിലും നേരിട്ട്, പ്രതിപക്ഷത്തിന്റെ കരിങ്കൊടി, പ്രതിഷേധക്കാർക്ക് മർദനം; നവകേരള സദസിന് ഇന്ന് ക്ലൈമാക്സ്

140 മണ്ഡലങ്ങളിലും നേരിട്ട്, പ്രതിപക്ഷത്തിന്റെ കരിങ്കൊടി, പ്രതിഷേധക്കാർക്ക് മർദനം; നവകേരള സദസിന് ഇന്ന് ക്ലൈമാക്സ്

യാത്ര ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ ഒരുമാസത്തിലധികം നീണ്ടുനിന്ന ജനസമ്പർക്കത്തിന് മാത്രമല്ല കടുത്ത പ്രതിഷേധങ്ങള്‍ക്കും മർദനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കൂടിയാണ് അവസാനമാകുന്നുത്
Updated on
4 min read

കേരള മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന പ്രഖ്യാപനവുമായി രണ്ടാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച നവകേരള സദസിന് ഇന്ന് ഔദ്യോഗിക സമാപനം. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നവംബർ 18-ന് വൈകുന്നേരം മൂന്നരയ്ക്ക് ആരംഭിച്ച സദസ് ഇന്ന് തിരുവനന്തപുരം വട്ടിയൂർക്കാവില്‍ രാത്രിയോടെ അവസാനിക്കും. യാത്ര ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ ഒരുമാസത്തിലധികം നീണ്ടുനിന്ന ജനസമ്പർക്കത്തിന് മാത്രമല്ല കടുത്ത പ്രതിഷേധങ്ങള്‍ക്കും മർദനങ്ങള്‍ക്കും കൂടിയാണ് അവസാനമാകുന്നത്. എന്നാല്‍ നവ കേരള യാത്ര തുടങ്ങിവച്ച വിവാദങ്ങള്‍ അവസാനിക്കില്ലെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞതിന് മാസങ്ങള്‍ക്ക് പിന്നാലെയായിരുന്നു പിണറായി സർക്കാർ നവകേരള സദസ് എന്ന പേരിലുള്ള ജനസമ്പർക്ക പരിപാടി പ്രഖ്യാപിക്കുന്നത്. 14 ജില്ലകളിലായി 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുവെന്നായിരുന്നു വാഗ്ദാനം.

ബസ് പിടിച്ച പൊല്ലാപ്പ്

നവകേരള സദസ് ആരംഭിക്കുന്നതിന് മുന്‍പത് തന്നെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാന്‍ പ്രത്യേകം തയാറാക്കിയ ബസ് വാർത്തകളില്‍ ഇടം പിടിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എന്തിന് ഇത്തരമൊരു ആഡംബര ബസ് എന്ന ചോദ്യം നാല് കോണില്‍ നിന്നും ഉയർന്നു. ബയോ ടോയിലറ്റ്, ബ്രിഡ്ജ്, ലിഫ്റ്റ് മാതൃകയിലുള്ള ചവിട്ടുപടികള്‍ എന്നിവയായിരുന്നു ബസിന്റെ പ്രധാന പ്രത്യേകതകള്‍.

കർണാടകയില്‍ നിന്ന് ബസ് കേരളത്തിലെത്തും മുന്‍പ് തന്നെ വിവാദത്തിന്റെ റോഡില്‍ ഇടം പിടിക്കുകയും ചെയ്തു. ബസിനെക്കുറിച്ചുള്ള പല വ്യാഖ്യാനങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ബസിലേക്ക് പ്രവേശനം അനുവദിച്ച് 'തിരുത്തല്‍' നടപടികളോടെയായിരുന്നു യാത്രയ്ക്ക് തുടക്കം. സദസിന് ശേഷം ടൂറിസം വകുപ്പിന്റെ ബജറ്റ് ടൂറിസത്തിന് ബസ് വിട്ടുനല്‍കാനാണ് തീരുമാനം.

നവ കേരള സദസ് ആരംഭിച്ചതു മുതല്‍ ജനത്തിന്റെ ഒഴുക്കുമാത്രമായിരുന്നില്ല പ്രതിപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനും സാക്ഷ്യം വഹിച്ചു

വഴിയൊരുക്കണം, മതിലുപൊളിക്കണം

നവകേരള സദസിന്റെ വേദിയ്ക്കരികിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാന്‍ സംസ്ഥാനത്ത് പലയിടത്തും മതില്‍ പൊളിക്കല്‍ യജ്ഞത്തിന് സംഘാടക സമിതി തയാറായി. പട്ടികയിലാദ്യം ഇടം പിടിച്ചത് മലപ്പുറം തിരൂർ ബോയ്‌സ് ഹയർ സെക്കന്‍ഡറി സ്കൂളിന്റെ മതിലായിരുന്നു. പരിപാടി കഴിഞ്ഞാല്‍ ഉടന്‍ മതില്‍ നിർമ്മിച്ചു നല്‍കുമെന്ന സംഘാടക സമിതിയുടെ ഉറപ്പിന് പൊതുവിമർശനത്തെ തണുപ്പിക്കാനായില്ല.

വേദിക്ക് തൊട്ടരികിലേക്ക് എത്താന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നടക്കാനാകില്ലെ എന്ന ചോദ്യമായിരുന്നു സമൂഹമാധ്യമങ്ങള്‍ ഉയർത്തിയത്. മതില്‍ പൊളിക്കല്‍ വീണ്ടും തുടർന്നു, വിമർശനങ്ങളും. മാവേലിക്കര സർക്കാർ ബോയ്‌സ് സ്കൂളിന്റേയും വൈക്കം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന്റേയും മതിലുകള്‍ പിന്നീട് പൊളിഞ്ഞു വീണു.

140 മണ്ഡലങ്ങളിലും നേരിട്ട്, പ്രതിപക്ഷത്തിന്റെ കരിങ്കൊടി, പ്രതിഷേധക്കാർക്ക് മർദനം; നവകേരള സദസിന് ഇന്ന് ക്ലൈമാക്സ്
'രാമൻ v/s സീത;' തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിക്കൊപ്പമെത്താനുള്ള നിതീഷിന്റെ തന്ത്രങ്ങൾ

സംസ്ഥാനം കലുഷിതമായ നാളുകള്‍

നവ കേരള സദസ് ആരംഭിച്ചതു മുതല്‍ ജനത്തിന്റെ ഒഴുക്കുമാത്രമായിരുന്നില്ല പ്രതിപക്ഷ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനും സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയ ഓരോ മണ്ഡലങ്ങളിലും കരിങ്കൊടിയുമായി കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകരെത്തി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിര പാഞ്ഞടുത്ത പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് മാത്രമല്ല ഒരു 'ജീവന്‍രക്ഷാ സേനയും' ഉണ്ടായിരുന്നു.

പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് മുന്‍കൈ എടുത്തപ്പോള്‍ മർദനമായിരുന്നു ഡിവൈഎഫ്ഐയുടേയും സിപിഎമ്മിന്റേയും മാർഗം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് നോക്കി നില്‍ക്കെ ഡിവൈഎഫ്ഐ പ്രവർത്തകർ പലയിടത്തും മർദിച്ചു.

ബസിനു നേരേ പ്രതിഷേധ മുദ്രാവാദ്യം ഉയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ ഗണ്‍മാനും സംഘവും ക്രൂരമായി മര്‍ദിച്ച സംഭവത്തിലും ന്യായികരണവുമായി മുഖ്യമന്ത്രി എത്തി

ജീവന്‍രക്ഷാ ന്യായീകരണം

നവ കേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രി സിപിഎം പ്രവർത്തകരുടെ മർദനത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. ഡിവൈഎഫ്‌ഐ നടത്തിയത് ജീവന്‍രക്ഷാ പ്രവര്‍ത്തനം തന്നെയാണ്. താന്‍ കണ്ടതാണ് പറഞ്ഞത്, താന്‍ മാത്രമല്ല, ബസിനുള്ളിലെ എല്ലാ മന്ത്രിമാരും കണ്ടതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ബസിനു മുന്നിലേക്ക് ചാടിയ പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐക്കാര്‍ തള്ളി മാറ്റുകയായിരുന്നു.അല്ലെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. എന്നാല്‍, തള്ളി മാറ്റിയശേഷം ക്രൂരമായ മര്‍ദനമേറ്റെന്നും പോലീസ് വധശ്രമത്തിനു ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരേ കേസെടുത്തല്ലോ എന്ന ചോദ്യത്തിന്, അതു രണ്ടും രണ്ടാണ്, ഡിവൈഎഫ്‌ഐക്കാര്‍ അങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണല്ലോ പിന്നീടുള്ള സംഭവങ്ങള്‍ നടന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

നവകേരള സദസിനിടെ പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് മർദനമുണ്ടാകുകയും പോലീസ് നടപടി നേരിടേണ്ടതായും വന്നു

ബസിനു നേരേ പ്രതിഷേധ മുദ്രാവാദ്യം ഉയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ ഗണ്‍മാനും സംഘവും ക്രൂരമായി മര്‍ദിച്ച സംഭവത്തിലും ന്യായികരണമായി മുഖ്യമന്ത്രി എത്തി. ഗണ്‍മാനും സംഘവും ആരേയും തല്ലുന്നത് താന്‍ കണ്ടില്ലെന്നും വാഹനത്തിനു മുന്നിലേക്ക് ചാടിയവരെ പോലീസ് സംഘം പിടിച്ചു മാറ്റുന്നതാണ് താന്‍ കണ്ടതെന്നും മുഖ്യമന്ത്രി. പ്രതിഷേധക്കാരെ പോലീസ് തടയുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

140 മണ്ഡലങ്ങളിലും നേരിട്ട്, പ്രതിപക്ഷത്തിന്റെ കരിങ്കൊടി, പ്രതിഷേധക്കാർക്ക് മർദനം; നവകേരള സദസിന് ഇന്ന് ക്ലൈമാക്സ്
തിരുവനന്തപുരത്തും മാധ്യമവേട്ട; പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരേ പോലീസ് കേസ്

മാധ്യമപ്രവർത്തകർക്ക് ജീവന്‍രക്ഷയും കേസും

അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ചിത്രീകരിച്ച ദ ഫോർത്ത് മാധ്യമസംഘത്തിനു നേരെയും ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായി. ദ ഫോർത്തിന്റെ കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശ്, ക്യാമറമാന്‍ മാഹിന്‍ ജാഫറിനുമാണ് സംഘത്തിന്റെ മര്‍ദനമേറ്റത്.

ഇടുക്കിയില്‍ മാധ്യമഫോട്ടോഗ്രാഫറെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കഴുത്തിനുപിടിച്ചു തള്ളിയതിനേയും മുഖമന്ത്രി ന്യായീകരിച്ചിരുന്നു. ആ ഫോട്ടോഗ്രാഫര്‍ അസാധാരണമാവിധം കൈയുയര്‍ത്തി തന്റെ പിന്നിലൂടെ പാഞ്ഞടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഗണ്‍മാന്‍ പിടിച്ചുമാറ്റിയതെന്നുമായിരുന്നു വിശദീകരണം.

നവകേരള ബസിനെതിരേ കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ ഷൂ ഏറ് തത്സമയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ പോലീസ് ക്രിമിനല്‍ ഗൂഡാലോചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എറണാകുളം ജില്ലയിലെ കുറുപ്പംപടി  പോലീസാണ് 24 ന്യൂസ് റിപ്പോർട്ടർ വി ജി വിനീതയെ അഞ്ചാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് ഡിജിപിയുടെ വസതിയിലേക്ക് നടന്ന മഹിളാ മോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു. അതിക്രമിച്ച് കടക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കണ്ടാലറിയാവുന്ന നാലു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

140 മണ്ഡലങ്ങളിലും നേരിട്ട്, പ്രതിപക്ഷത്തിന്റെ കരിങ്കൊടി, പ്രതിഷേധക്കാർക്ക് മർദനം; നവകേരള സദസിന് ഇന്ന് ക്ലൈമാക്സ്
ജനാധിപത്യത്തിന്റെ കാവലാളില്‍നിന്ന് ഭയം പരിചയാക്കിയ സര്‍വാധികാരി, ഷെയ്ഖ് ഹസീനയ്ക്ക് ഇത്തവണ പിഴയ്ക്കുമോ?

സർക്കാരിനെ തിരുത്തുന്ന ഹൈക്കോടതി

നവ കേരള സദസിനിടെ പല തവണ സർക്കാരിനെ തിരുത്താന്‍ ഹൈക്കോടതി തയാറായി. സദസിന്റെ നടത്തിപ്പിനായി ജില്ലാ കലക്ടർമാർ പരസ്യത്തിലൂടെ പണം സമാഹരിക്കണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സമാഹരണത്തിനും ഇത് കണക്കിൽപ്പെടുത്തുന്നതിനും മാർ​ഗ നിർദേശങ്ങളില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഉത്തരവ്.

തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവും കോടതി സ്റ്റേ ചെയ്തിരുന്നു. മുൻസിപ്പൽ കൗൺസിലിന്റെ അനുമതിയില്ലാതെ സദസിന് തദ്ദേശ സ്ഥാപനത്തിന്റെ ഫണ്ടിൽ നിന്ന് പണം ചെലവാക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സർക്കാർ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കൗണ്‍സിലിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

ബാലാവകാശ കമ്മീഷൻ ഇടപെടല്‍

സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയിൽ സ്കൂൾ കുട്ടികളെ നിർത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ചീഫ് സെക്രട്ടറിക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനെ ആധാരമാക്കി കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നുമാണ് നോട്ടീസിൽ അറിയിച്ചു.

logo
The Fourth
www.thefourthnews.in