നവകേരള സദസിന് പിന്നാലെ മുടങ്ങിയ ആനുകൂല്യങ്ങള്‍ കിട്ടിത്തുടങ്ങി; കണക്ക് ഇങ്ങനെ
നവകേരള സദസ് തുടങ്ങുന്നതിന് മുന്‍പ് സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം അടിസ്ഥാന ജനവിഭാഗത്തിന് ലഭിക്കേണ്ട ക്ഷേമപെന്‍ഷന്‍ അടക്കം മുടങ്ങിയ സാഹചര്യമായിരുന്നു. ക്ഷേമപെന്‍ഷന്‍ മാത്രമല്ല സബ്‌സിഡി, കടാശ്വാസം, സ്‌കൂള്‍ ഉച്ചഭക്ഷണം, സ്‌കോളര്‍ഷിപ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, കെഎസ്ആര്‍ടിസി ശമ്പളം തുടങ്ങിയവയും മുടങ്ങിയ സാഹചര്യമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും നേരിട്ട് ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ കുടിശിക എല്ലാം തീര്‍ക്കുകയാണ് സര്‍ക്കാര്‍. ഇതിനായി ഒരു മാസത്തിനിടെ 1500 കോടിയോളം രൂപയാണ് വേണ്ടിവന്നിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ ജനറല്‍ പര്‍പ്പസ് ഫണ്ടും, അനുവദിച്ച മുന്‍ കുടിശികയും കൂടി കണക്കാക്കിയാല്‍ ഒരു മാസത്തില്‍ ധനവകുപ്പ് അനുവദിച്ച ആകെ തുക 4000 കോടി രൂപയ്ക്ക് മുകളില്‍ വരും
ഏറ്റവും കൂടുതല്‍ തുക ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണ് അനുവദിച്ചത്. കുടിശികയുണ്ടെങ്കിലും ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ന നല്‍കാന്‍ 684.29 കോടി രൂപയായിരുന്നു അനുവദിച്ചത്. നവകേരള സദസ് തുടങ്ങുന്നതിന് തലേ ദിവസമായിരുന്നു ഈ തുക അനുവദിച്ചത്. ക്ഷേമപെന്‍ഷന്‍ വിതരണത്തിന് സഹകരണ സംഘങ്ങള്‍ക്കുള്ള ഇന്‍സെന്റീവ് ആയി 70.12 കോടി രൂപയും അനുവദിച്ചു. ഈ തുക അനുവദിച്ചെങ്കിലും ഇനിയും മൂന്നുമാസത്തെ കുടിശിക ബാക്കിയുണ്ട്. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കലാകാന്‍മാര്‍ക്കും, അവശകായിക താരങ്ങള്‍ക്കുമുള്ള പെന്‍ഷന്‍ എന്നിവ മാസം 1600 രൂപയായും ഉയര്‍ത്തി.
കാര്‍ഷിക മേഖലയില്‍ റബ്ബര്‍ കര്‍ഷക സബ്‌സിഡി 43 കോടിരൂപയും, കാര്‍ഷിക കടാശ്വാസം 18.54 കോടി രൂപയും, പച്ചതേങ്ങ സംഭരണം, സബ്‌സിഡിയായി 12.5 കോടി രൂപയും, നെല്ല് സംഭരണത്തിന് 200 കോടിരൂപയും, തോട്ടണ്ടി സംഭരണത്തിന് കര്‍ഷകര്‍ക്ക് 90 ലക്ഷം രൂപയും കഴിഞ്ഞ ഒരുമാസത്തിനിടെ അനുവദിച്ചു. സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് ശമ്പള വിതരണം മുടങ്ങിയത് സര്‍ക്കാരിന് എതിരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 13611 തൊഴിലാളികള്‍ക്കായി 50 കോടി 12 ലക്ഷം രൂപ കഴിഞ്ഞ മാസം 21 ന് അനുവദിക്കുകയായിരുന്നു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് 14 കോടിരൂപ അനുവദിച്ചത് നവംബര്‍ 16 നും.
ഇനി മുന്നിലുള്ളത് ഉത്സവ കാലമാണ്. കഴിഞ്ഞ ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കുമുന്‍പും, ക്ഷേമ പെന്‍ഷന്‍ കുടിശിക ജനങ്ങള്‍ പ്രതീക്ഷിക്കും.
അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം 1000 രൂപയായി ഉയര്‍ത്തിയുള്ള പ്രഖ്യാപനം വരുന്നതും നവംബര്‍ 17 നായിരുന്നു. 62,852 അങ്കണവാടി ജീവനക്കാര്‍ക്കും 26125 ആശ ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 8 കോടിയോളം രൂപ അധിക ബാധ്യതയും ഇതിലൂടെ അടുത്തമാസം മുതല്‍ സര്‍ക്കാരിന്റെ ചുമലില്‍ വരും. നവംബര്‍ 16 ന് തന്നെ ആശ വര്‍ക്കര്‍ മാരുടെ ഹോണറേറിയും വിതരണത്തിനായി 15.68 കോടി രൂപയും അനുവദിച്ചിരുന്നു.
നവംബര്‍ മാസത്തില്‍ തന്നെയാണ് എന്‍എച്ച്എമ്മിന് 50 കോടിരൂപയും അനുവദിച്ചത്. കാരുണ്യ ബനവലന്റ് ഫണ്ടിന് 30 കോടി രൂപയും അനുവദിച്ചിരുന്നു. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ വിതരണത്തിനായി 26 കോടി രൂപ ഒക്ടോബര്‍ 30 നാണ് അനുവദിച്ചത്. കെഎസ്ആര്‍ടിസിയ്ക്ക് ശമ്പളം നല്‍കാനുള്ള പണം അനുവദിക്കുന്നതിനും വലിയ കാലതാമസം ഉണ്ടായില്ല. പെന്‍ഷന്‍, ശമ്പള വിതരണത്തിനായി നവംബര്‍ 24 നാണ് 90 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചത്. നവംബര്‍ തുടക്കത്തില്‍ രണ്ട് തവണയായി 100 കോടി രൂപയും കെഎസ്ആര്‍ടിസിയ്ക്ക് അനുവദിച്ചിരുന്നു.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല ചില വികസന പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ പണം അനുവദിച്ചിരുന്നു. 11 റെയില്‍വേ മേല്‍പാലങ്ങള്‍ക്കായി 34.26 കോടി രൂപയും, വേമ്പനാട്ട് കായലിന് കുറുകെ മാക്കേകടവ്- നേരെകടവ് പാല നിര്‍മ്മാണത്തിനായി 97.23 കോടി രൂപയും, കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണത്തിനായി 78 കോടി രൂപയും, 129-മിനി അങ്കണവാടി മെയിന്‍ ആക്കാന്‍ 1.14 കോടി രൂപയും അനുവദിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ജനറല്‍ പര്‍പ്പസ് ഫണ്ടും, അനുവദിച്ച മുന്‍ കുടിശികയും കൂടി കണക്കാക്കിയാല്‍ ഒരു മാസത്തില്‍ ധനവകുപ്പ് അനുവദിച്ച ആകെ തുക 4000 കോടി രൂപയ്ക്ക് മുകളില്‍ വരും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ തിടുക്കത്തില്‍ ഇത്രയും തുക സര്‍ക്കാര്‍ അനുവദിച്ചതില്‍ നവകേരള സദസ് തന്നെയാണ് കാരണം. പക്ഷേ ഇനി മുന്നിലുള്ളത് ഉത്സവ കാലമാണ്. കഴിഞ്ഞ ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കുമുന്‍പും, ക്ഷേമ പെന്‍ഷന്‍ കുടിശിക ജനങ്ങള്‍ പ്രതീക്ഷിക്കും. ചുരുക്കത്തില്‍ നവകേരള സദസിന് പിന്നാലെ വന്‍ തുക ധനവകുപ്പ് വീണ്ടും കണ്ടെത്തേണ്ടി വരും.