ഒക്ടോബര്‍ മൂന്നിന് അവധി
നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി. സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അവധി ദിനത്തിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി.
വിദേശത്തെ പ്രമുഖ സര്‍വകലാശാലകളുമായി ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന ധാരണപത്രങ്ങള്‍ അംഗീകരിച്ച് ഒപ്പ് വയ്ക്കുന്നതിന് ഡിജിറ്റല്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലറെ ചുമലപ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഓക്‌സ്‌ഫോര്‍ഡ്, മാഞ്ചസ്റ്റര്‍, സെയ്ജന്‍, എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലകളുമായി കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല ഏര്‍പ്പെടാന്‍ ഉദ്ദേശിക്കുന്ന നാല് ധാരണപത്രങ്ങള്‍ സംബന്ധിച്ചാണ് തീരുമാനം.
മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങള്‍
അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തിക
മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ ഓരോ ജില്ലയിലും ഒരോ അസിസ്റ്റന്റ് ജിയോളജിസ്റ്റിന്റെ അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സേവന കാലാവധി ദീര്‍ഘിപ്പിച്ചു
കേരളസ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ഡോ. സന്തോഷ് ബാബുവിന്റെ സേവന
കാലാവധി ദീര്‍ഘിപ്പിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കിലും സ്‌കെയിലിലും 11.10.2022 മുതല്‍ പ്രാബല്യത്തില്‍ രണ്ട് വര്‍ഷത്തേക്ക് പുനര്‍നിയമന വ്യവസ്ഥയിലാണ് ദീര്‍ഘിപ്പിച്ചത്.
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ വര്‍ക്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ ചീഫ് മിഷന്‍ ഡയറക്ടര്‍/എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതലകളും നല്‍കി.
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.