രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; വിഴിഞ്ഞത്ത് കിണറ്റില്‍ വീണ തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ എന്‍ഡിആര്‍എഫ് സംഘം

36 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല

വിഴിഞ്ഞത്ത് കിണറ്റില്‍ വീണ തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ എന്‍ഡിആര്‍എഫ് സംഘം. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ 36 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലം കാണാത്തതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘത്തെ എത്തിക്കുന്നത്. കിണറിനുള്ളില്‍ ഇപ്പോഴും മണ്ണിടിഞ്ഞ് വീഴുന്നതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്. ആലപ്പുഴയില്‍ നിന്ന് എന്‍ഡിആര്‍എഫ് സംഘവും കൊല്ലത്തുനിന്ന് കിണര്‍ തൊഴിലാളികളുടെ വിദഗ്ധ സംഘവും ഉടനെത്തും.

20വര്‍ഷത്തോളമായി മഹാരാജന്‍ ഈ തൊഴില്‍ ചെയ്യുന്നുണ്ടെന്നും ഇത്തരത്തില്‍ മണ്ണിടിഞ്ഞുവീഴുന്നത് അസാധാരണ സംഭവമാണെന്നും മഹാരാജന്റെ സഹപ്രവര്‍ത്തകര്‍ രാജേഷ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 9.30 നാണ് മഹാരാജന്‍ കിണറ്റില്‍ അകപ്പെട്ടത്. പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം കിണറ്റിലേക്ക് ഇറങ്ങി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തിരികെ കയറാന്‍ തുടങ്ങിയ മഹാരാജന്റെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. 15 അടിയോളം ഉയരത്തില്‍ മഹാരാജന്റെ ദേഹത്തേക്ക് മണ്ണ് ഇടിഞ്ഞു വീണിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in