എംഎല്‍എ സ്ഥാനത്ത് തുടരാം; സത്യപ്രതിജ്ഞാലംഘനം അയോഗ്യതയാവില്ല
ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സജി ചെറിയാന് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് നിയമവിദഗ്ധര്‍. നിയമസഭാ സാമാജികനെന്ന നിലയില്‍ നിയമപരമായി അത്തരമൊരു ബാധ്യത സജി ചെറിയാനില്ല . നിയമസഭാ സാമാജികരുടെ അയോഗ്യതയെപ്പറ്റി പറയുന്ന ഭരണഘടനയുടെ 191 -ാം അനുച്ഛേദം അനുസരിച്ച് സത്യപ്രതിജ്ഞാലംഘനം അയോഗ്യതയായി കണക്കാക്കപ്പെടുന്നില്ലെന്നാണ് ഇതിന് കാരണമായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് .
ധാര്‍മികമായോ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായോ വേണമെങ്കില്‍ സജി ചെറിയാന് രാജിവയ്ക്കാമെന്നാണ് ഭരണഘടനാ വിദഗ്ധന്‍ പി ഡി റ്റി ആചാരിയുടെ അഭിപ്രായം.
"നിലവില്‍ സജി ചെറിയാനെതിരെ ഭരണഘടനയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസുകളില്‍ 2 വര്‍ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമാണ് രാജി നിയമപരമായ അനിവാര്യതയാകുന്നത് "
നിയമപരമായിട്ടല്ലെങ്കിലും ധാര്‍മികമായി രാജി അനിവാര്യമാണെന്ന് കരുതുന്നവരും ഉണ്ട്. നിയമവിദഗ്ധന്‍ എം ആര്‍ അഭിലാഷിന്റെ അഭിപ്രായത്തില്‍ ഭരണഘടനയെ അവഹേളിച്ച ഒരാള്‍ എന്ന നിലയില്‍ സജി ചെറിയാന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല .
"സജി ചെറിയാന്‍ രാജി വെച്ചാല്‍ അത് ആരോഗ്യകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കും . ഭരണഘടനയോടുള്ള ബഹുമാനം ജനങ്ങളില്‍ വര്‍ധിക്കുന്നതിനും കാരണമാകും. എന്നാല്‍ രാജി നിയമപരമായ അനിവാര്യത അല്ലെന്നതിനോട് യോജിക്കുന്നു"
പിന്നെ എന്തിന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചു എന്ന സംശയം പലര്‍ക്കും ഉണ്ടാകാം . മന്ത്രിസ്ഥാനം നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു പദവിയാണ്. ആ പദവിയില്‍ നിന്നുള്ള രാജിക്ക് പല കാരണങ്ങളുണ്ടാകാം. രാഷ്ട്രീയവും നിയമപരവും ധാര്‍മികവുമായ കാരണങ്ങള്‍ അതിന് പിന്നിലുണ്ടാകാം. അതില്‍ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണെന്നും നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു. പക്ഷെ നിയമസഭാ സാമാജികന്‍ എന്നത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള അവസരമില്ലെന്നതാണ് അതിന് കാരണം