പരീക്ഷയാണോ വസ്ത്രമാണോ വലുത്? ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥിനികള്‍
നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രം അഴിച്ചു നടത്തിയ പരിശോധന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമെന്ന് കണ്ടെത്തല്‍. കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജിലാണ് പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ചുള്ള ദേഹ പരിശോധയ്ക്ക് വിധേയരാക്കിയത്. കോളേജ് ശുചീകരണ ജീവനക്കാരായ രണ്ടു പേരെയും, സ്വകാര്യ ഏജന്‍സിയായ സ്റ്റാര്‍ സെക്യൂരിറ്റി നിയോഗിച്ച മൂന്നുപേരെയുമാണ് സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തത്. ഇനിയും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
2017 ല്‍ കണ്ണൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അതേ തുടര്‍ന്ന് നാല് അധ്യാപകരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
എല്ലാ വ്യക്തികള്‍ക്കും ജീവിതവും വ്യക്തി സ്വാതന്ത്രവും ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് പരിശോധനയ്ക്ക് വിധേയായ പെണ്‍കുട്ടി പറയുന്നു. സ്‌കാനിങ് ഉണ്ടെന്നു പറഞ്ഞാണ് പരിശോധനയ്ക്കുള്ള മുറിയില്‍ കയറ്റിയത്. സ്‌കാനിങ് കഴിഞ്ഞ ഉടന്‍ പോകാമെന്നു കരുതിയെങ്കിലും ലോഹ ഹുക്കുള്ള അടിവസ്ത്രമാണോ നിങ്ങള്‍ ധരിക്കുന്നതെന്ന് ചോദിച്ചു കൊണ്ട് വരിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാത്ത പെണ്‍കുട്ടികളോട് പിന്നീട് അടിവസ്ത്രം അഴിച്ചു സമീപത്തുള്ള മേശയില്‍ വയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്നും എല്ലാവരുടെയും വസ്ത്രം ഒരുമിച്ചു കൂട്ടിയിടുകയായിരുന്നുവെന്നും അതിനാല്‍ സ്വന്തം തിരിച്ചറിയനാകാത്ത അവസ്ഥയാണ് പലര്‍ക്കും നേരിട്ടതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. അടിവസ്ത്രമാണോ പരീക്ഷയാണോ വലുത് എന്ന് ചോദിച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
അടിവസ്ത്രമാണോ പരീക്ഷയാണോ വലുത് എന്ന് ചോദിച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
എന്‍ടിഎയുടെ നിര്‍ദേശപ്രകാരം ഷാള്‍ ധരിയ്ക്കാന്‍ അനുമതിയില്ലാത്തതിനാല്‍ മുടി മുന്നിലേയ്ക്ക് എടുത്തിട്ടാണ് പരീക്ഷയ്ക്കിരുന്നതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ലോഹ സാന്നിദ്ധ്യമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ടെന്നും അതുകൊണ്ടാണ് സ്‌കാനര്‍ ഉപയോഗിച്ചത് എന്നാണ് പരീക്ഷാ ചുമതലയുള്ളവരുടെ വിശദീകരണം
17 കാരിയായ ഒരു പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കുന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകമറിയുന്നത്. പരീക്ഷ എഴുതുന്നതിന് മുന്‍പ് 90 ശതമാനം പെണ്‍കുട്ടികളും ഇത്തരത്തിലുള്ള അനുഭവം നേരിട്ടവരാണെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കത്തയച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം റൂറല്‍ എസ്പിയോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.