നീറ്റ് പരീക്ഷാര്‍ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ അന്വേഷണം; സമിതിയെ നിയോഗിച്ച് എന്‍ടിഎ
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവം അന്വേഷിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സമിതിയെ നിയോഗിച്ചു. സമിതി ആയൂരിലെ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി സന്ദര്‍ശിക്കും. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെടുക്കും. അതേസമയം, കേസില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജിലെ രണ്ട് ജീവനക്കാരെയും പരീക്ഷാ നടത്തിപ്പിനെത്തിയ ഏജന്‍സിയിലെ മൂന്ന് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിനെതിരെ കോളേജില്‍ യുവജനസംഘടനകള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചതോടൊണ് പ്രതിഷേധം കടുത്തത്. ഡിവൈഎഫ്ഐ, കെഎസ്‍യു, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. കോളേജിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കെഎസ്‍യു പ്രവര്‍ത്തകനെ ലാത്തി കൊണ്ടടിച്ചതോടെ പോലീസിന് നേരെ കല്ലേറുണ്ടായി. കോളേജിന്‍റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി. അതേസമയം, വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും തള്ളി.
കഴിഞ്ഞ ദിവസം പരാതി നല്‍കിയ വിദ്യാര്‍ഥിനികളെ കൂടാതെ മൂന്നുപേര്‍ കൂടി ചടയമംഗലം പോലീസില്‍ പരാതി നല്‍കി. വിശദമായ അന്വേഷണം തുടങ്ങിയ പോലീസ് സംഭവം നടന്ന കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. നാല് സ്ത്രീകളാണ് വസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. സ്വകാര്യ ഏജന്‍സിക്കായിരുന്നു ദേഹപരിശോധനയ്ക്കുള്ള ചുമതല. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും പോലീസ് ചോദ്യം ചെയ്തു.
സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗങ്ങള്‍ കോളേജിലെത്തി. പോലീസിനോട് റിപ്പോർട്ടും തേടി. സംസ്ഥാന മനുഷ്യാവകാശ-യുവജന കമ്മീഷനുകളും കേസെടുത്തിട്ടുണ്ട്. എന്‍ടിഎ ഡ്രസ് കോഡില്‍ അടിവസ്ത്രം അഴിച്ചുള്ള പരിശോധന നിര്‍ദേശിച്ചിട്ടില്ല. വിദ്യാര്‍ഥിനികളുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു.