സിനിമകള്‍ക്കെതിരായ നെഗറ്റീവ് റിവ്യു; അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സിനിമകള്‍ക്കെതിരായ നെഗറ്റീവ് റിവ്യു; അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

റിവ്യൂ ബോംബിങ്ങിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരവും ഐ.ടി ആക്ട്, കോപ്പി റൈറ്റ് ആക്ട് എന്നിവ പ്രകാരവും നടപടി സ്വീകരിക്കാമെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു
Updated on
1 min read

സിനിമകള്‍ക്കെതിരെ ബോധപൂര്‍വ്വമുള്ള നെഗറ്റീവ് റിവ്യൂ തടയുന്നതിനുള്ള കര്‍ശന കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ റിപോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യമെന്ന ഭരണഘടനപരമായ അവകാശത്തിന്റെ പരിധിയില്‍ നിന്ന് സാമൂഹിക മാധ്യമത്തിലൂടെയുള്ള സിനിമ റിവ്യു ഫലപ്രദമായി നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമ റിലീസ് ചെയ്ത ശേഷം ആദ്യ 48 മണിക്കൂറിനുള്ളില്‍ റിവ്യു വേണ്ടെന്നും റിവ്യൂ ബോംബിങ്ങിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരവും ഐ.ടി ആക്ട്, കോപ്പി റൈറ്റ് ആക്ട് എന്നിവ പ്രകാരവും നടപടി സ്വീകരിക്കാമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റിവ്യൂ നടത്തുന്നത് വിവാദമുണ്ടാക്കി ക്ലിക്ക് ബൈറ്റ് വര്‍ധിപ്പിക്കാനാകരുതെന്നും സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയും അഭിനേതാക്കളേയും പരസ്യമായി അപമാനിക്കുന്ന രീതിയിലാണ് വ്‌ളോഗര്‍മാര്‍ റിവ്യു നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പണമാണ് റിവ്യൂ നടത്തുന്നവരുടെ ലക്ഷ്യമെന്നും പണം നല്‍കാന്‍ തയാറാകാത്തവരുടെ സിനിമകള്‍ക്കെതിരെ നെഗറ്റീവ് റിവ്യുവും ഉണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ അമിക്കസ് ക്യൂറി ഇത് പിടിച്ചുപറി, കവര്‍ച്ച എന്നിവയുടെ പരിധിയില്‍ വരാത്തതിനാല്‍ നിയമപരമായ നടപടി സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും കോടതിയെ അറിയിച്ചു.

റിവ്യു ബോംബിങ്ങിനെ സംബന്ധിച്ച് പരാതി ഉന്നയിക്കാനായി സൈബര്‍ സെല്ലിന്റെ കീഴില്‍ പ്രത്യേക പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നും എല്ലാ റിവ്യു സൈറ്റുകളും ബി.ഐ.എസ് സ്റ്റാന്‍ഡേര്‍ഡ് പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വ്യാജ പ്രൊഫൈലുകളില്‍ നിന്നുള്ള റിവ്യൂകള്‍ ഉടന്‍ തടയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് റൂള്‍സ് ലംഘിക്കുന്ന നടപടി ഉണ്ടായാല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ശിപാര്‍ശയുണ്ട്.

logo
The Fourth
www.thefourthnews.in