വിഴിഞ്ഞത്ത് സമവായ നീക്കം തുടരുന്നു ; സമരസമിതി ഇന്ന് നിലപാട് അറിയിക്കും; നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം
വിഴിഞ്ഞത്ത് സമയവായ നീക്കം തുടരുന്നു. പ്രശ്ന പരിഹാരത്തിനുള്ള സർക്കാർ നിർദേശങ്ങളില്‍ സമരസമിതി ഇന്ന് നിലപാട് അറിയിക്കും. രാവിലെ ലത്തീന്‍ അതിരൂപതയിലെ വൈദികരുടെ സമ്മേളനവും സമരസമിതി യോഗവും നടക്കും. ഒത്തുതീർപ്പ് നിർദേശങ്ങളില്‍ ധാരണയായാല്‍ സമരസമിതിയുമായി മന്ത്രിതല ഉപസമിതി ഇന്ന് ചർച്ച നടത്തും. അതേസമയം, വിഴിഞ്ഞം സമരം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. പദ്ധതിയുടെ ആവശ്യം ബോധ്യപ്പെടുത്താന്‍ എൽഡിഎഫ് പ്രചാരണ പരിപാടികളുടെ ഭാഗമായി തീരദേശ ജാഥ ഇന്ന് ആരംഭിക്കും.
വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമ്പോള്‍, വാടകവീട്ടില്‍ താമസിക്കുന്നവരുടെ വാടകത്തുക കൂട്ടുക, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളില്‍ സമവായമായിട്ടില്ല. തീരശോഷണം പഠിക്കാനുള്ള സമിതിയെ തീരുമാനിച്ച് കഴിഞ്ഞെന്നും സമരസമിതി നിർദേശിക്കുന്ന പ്രതിനിധികളുടെ അഭിപ്രായം ഉള്‍പ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കാമെന്നാണ് സർക്കാർ നിലപാട്. വാടകത്തുക 5500ല്‍ നിന്ന് 8000 രൂപയാക്കി ഉയർത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാല്‍ ഈ നിർദേശത്തോടും അനുകൂല നിലപാടല്ല സർക്കാരിന്റേത്. സമരസമിതി ആവശ്യപ്പെടുന്ന തുക സർക്കാർ ഫണ്ടില്‍ നിന്ന് നല്‍കാനാകില്ല, അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിക്കാമെന്നാണ് സർക്കാർ നിർദേശം.
വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ എം വിന്‍സന്റ് അടിയന്തരപ്രമേയനോട്ടീസ് നല്‍കും. വിഴിഞ്ഞം തുറമുഖ സമരത്തില്‍ മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. വിഴിഞ്ഞം സമരം ആരംഭിച്ചത് മുതല്‍ സര്‍ക്കാര്‍ പല തവണ ചര്‍ച്ച നടത്തിയിരുന്നു. തുറമുഖനിര്‍മാണം നിര്‍ത്തിവെക്കണം എന്നതൊഴികെയുള്ള മറ്റെല്ലാം അംഗീകരിച്ചതാണ്. ഇനി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വെക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രിസഭയിൽ അറിയിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖത്തിനായി എൽഡിഎഫ് പ്രചാരണ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വാഹന പ്രചാരണ ജാഥ ഇന്ന് പര്യടനം തുടങ്ങും. വൈകിട്ട് വർക്കലയില്‍ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ജാഥ നയിക്കുന്നത്.