കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ഫോട്ടോഫിനിഷിൽ ജലരാജാക്കന്‍മാരായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ. തുടര്‍ച്ചയായി അഞ്ചാം കിരീടമെന്ന ചരിത്രനേട്ടമാണ് പള്ളത്തുരുത്തി ബോട്ട് ക്ലബ് സ്വന്തമാക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലായിരുന്നു കാരിച്ചാൽ ഫിനിഷ് ചെയ്തത്. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിനാണ് വിയപുരം ചുണ്ടൻ രണ്ടാമതായത്.
ഫൈനലിലെ ഫിനിഷിങ് ടൈം
1. കാരിച്ചാല്‍ (പിബിസി)- 4.29.785
2. വീയപുരം (വിബിസി, കൈനകരി)- 4.29.790
3. നടുഭാഗം (കെറ്റിബിസി)- 4.30.13
4. നിരണം ചുണ്ടന്‍ (നിരണം ബോട്ട് ക്ലബ്)- 4.30.56
കാരിച്ചാല്‍ (പിബിസി പള്ളാത്തുരുത്തി-4.14.35), വീയപുരം (വിബിസി കൈനകരി-4.22.58), നിരണം (നിരണം ബോട്ട് ക്ലബ് -4.23.00), നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്-4.23.31) എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ പ്രവേശിച്ചത്. അഞ്ചു ഹീറ്റ്‌സ് മത്സരങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്‌സ് മത്സരത്തില്‍ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടന്‍ ജേതാക്കളായി. രണ്ടാം സ്ഥാനത്ത് ആയാപറമ്പ് പാണ്ടി എത്തി. രണ്ടാം ഹീറ്റ്‌സില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടന്‍ ജേതാക്കളായി. മൂന്നാം ഹീറ്റ്‌സില്‍ യുബിസി കൈനകരിയുടെ തലവടി ചുണ്ടന്‍ ജേതാക്കളായി.
നാലാം ഹീറ്റ്‌സില്‍ കൈനകരി വില്ലേജ് ബോട്ട്ക്ലബ് തുഴഞ്ഞ വീയപുരം വാശിയേറിയ മത്സരത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. അഞ്ചാം ഹീറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാല്‍ ചുണ്ടനാണ് ഒന്നാമതെത്തി. 4 മിനിറ്റ് 14.45 സെക്കന്‍ഡ് എന്ന ഹീറ്റ്‌സിലെ റെക്കോഡ് സമയത്തിലാണ് കാരിച്ചാല്‍ ഫിനിഷ് ചെയ്തത്. എന്നാല്‍ മികച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ മൂന്നു ഹീറ്റ്‌സിലെ ഒരു ചുണ്ടനു പോലും ഫൈനലില്‍ പ്രവേശിക്കാനായില്ല. അതേസമയം, ഹീറ്റ്‌സ് നാലില്‍ തുഴഞ്ഞ് മൂന്നൂ വള്ളങ്ങളും ഫൈനലിലെത്തി. ഹീറ്റ്‌സ് അഞ്ചിലായിരുന്നു കാരിച്ചാലിന്റെ മിന്നുന്ന പ്രകടനത്തോടെയുള്ള ഫൈനല്‍ പ്രവേശനം.