പന കൊണ്ടുള്ള തുഴ മതിയെന്ന് കളക്ടര്‍; നെഹ്റു ട്രോഫി വള്ളംകളി ഹൈക്കോടതിയിലേക്ക്
നെഹ്റു ട്രോഫി വള്ളം കളിക്ക് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പുതിയ വിവാദം. തുഴയെ ചൊല്ലിയാണ് പുതിയ തര്‍ക്കം. കനം കുറഞ്ഞ തടികൊണ്ടുള്ള തുഴ അനുവദിക്കില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ രണ്ട് ടീമുകള്‍ ഹൈക്കോടതിയെ സമീപിച്ചു. പനകൊണ്ടുള്ള തുഴ വേണമെന്നാണ് നിര്‍ദേശം.
കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് പോലീസ് ടീം തുഴയുന്ന ചമ്പക്കുളം ചുണ്ടനും സെന്‍റ് ജോണ്‍സ് തെക്കേക്കര ക്ലബ്ലിന്‍റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
അവസാനവട്ട പരിശീലനത്തിലിരിക്കെ തുഴ മാറ്റുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ടീമുകള്‍. ഇത്രയുംനാള്‍ തടികൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയതിന് ശേഷം വള്ളം കളിക്ക് മറ്റൊരു തുഴ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് അവര്‍ പറയുന്നു.
നെഹ്‌റു ട്രോഫി ഗൈഡ് ലൈൻ പ്രകാരമാണ് പന കൊണ്ടുള്ള തുഴ നിർബന്ധമാക്കിയതെന്നാണ് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ വിശദീകരണം. കഴിഞ്ഞ ദിവസം നടന്ന ക്ലബ്ബുകളുടെ യോഗത്തിലും ഇതേ ചൊല്ലി തർക്കം ഉയര്‍ന്നിരുന്നു.
നെഹ്റു ട്രോഫി വള്ളം കളിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യാതിഥിയായി സര്‍ക്കാര്‍ ക്ഷണിച്ചതിനെ ചൊല്ലി വിവാദം കത്തിനില്‍ക്കെയാണ് ഇപ്പോഴത്തെ തുഴ വിവാദം. അമിത് ഷായെ ക്ഷണിച്ചതിലൂടെ ബിജെപി - സിപിഎം ചങ്ങാത്തം വ്യക്തമായെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
എന്നാല്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനായി കേരളത്തിലെത്തുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ, ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരെയെല്ലാം വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം.