ആറന്മുളയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: അമ്മയ്ക്കെതിരെ കേസെടുത്തു
പത്തനംതിട്ട ആറന്മുളയില്‍ നവജാത ശിശുവിനെ കുളിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതി പ്രസവിച്ചെന്നും കുഞ്ഞിനെ ബക്കറ്റിലുപേക്ഷിച്ചെന്ന് കണ്ടെത്തുകയുമായിരുന്നു. മരിച്ചെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് യുവതി പറയുന്നത്. വീട്ടില്‍ പരിശോധന നടത്തിയ പോലീസുകാരുടെ സമയോചിത ഇടപെടല്‍ മൂലമാണ് നവജാത ശിശുവിന്‌റെ ജീവന്‍ രക്ഷിക്കാനായത്.
അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് 34 കാരിയായ യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. രാവിലെ വീട്ടില്‍ വച്ച് പ്രസവിച്ചതാണെന്നും കുഞ്ഞ് മരിച്ചതായും കുഴിച്ചിട്ടതായും യുവതി ഡോക്ടറെ അറിയിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന മൂത്തമകനാണ് കുഞ്ഞ് ബക്കറ്റില്‍ ഉണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ ഇന്‍സ്‌പെക്ടര്‍ വിപിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ യുവതിയുടെ വീട്ടില്‍ എത്തി പരിശോധന നടത്തി. കുളിമുറിയില്‍ നിന്ന് കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാതശിശുവിനെ കണ്ടു. തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ ആണ്‍കുഞ്ഞിനെ ബക്കറ്റോടെ പോലീസ് വാഹനത്തില്‍ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 28 ആഴ്ച മാത്രം പ്രായമായ കുഞ്ഞിന്‌റെ ആരോഗ്യനില തൃപ്തികരമാണ്. പോലീസ് ഉദ്യോഗസ്ഥരുടെയും ആശുപത്രി അധികൃതരുടെയും സമയോചിത ഇടപെടലാണ് കുഞ്ഞിന്‌റെ ജീവന്‍ രക്ഷിച്ചത്.
1.3 കിലോഗ്രാം മാത്രമാണ് കുഞ്ഞിന്‌റെ തൂക്കം. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ശിശുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ ശിശുവിഭാഗത്തിലേക്ക് മാറ്റി. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനക്കമില്ലാത്തതിനാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണ് യുവതിയുടെ മൊഴി. യുവതി ഐസിയുവില്‍ ചികിത്സയിലാണ്.