വിദ്യാർഥികളുടെ യാത്രാ ഇളവിൽ മാറ്റം; 25 വയസ് കഴിഞ്ഞാൽ കൺസഷൻ ഇല്ല; പുതിയ മാര്‍ഗനിര്‍ദേശവുമായി കെഎസ്ആർടിസി
വിദ്യാർഥികൾക്കുള്ള യാത്രാ ഇളവിൽ മാറ്റം വരുത്തി കെഎസ്ആർടിസി. 25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസഷൻ നൽകില്ലെന്നാണ് മാനേജ്മെന്റ് തീരുമാനം. കോർപ്പറേഷൻ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പുതിയ തീരുമാനം നടപ്പാക്കാൻ മാനേജ്മെന്റ് ഒരുങ്ങുന്നത്. നിർദേശങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംഡി ബിജു പ്രഭാകർ സർക്കാരിന് കത്തയച്ചു.
വിദ്യാർഥി കൺസഷൻ നൽകുന്നതിനുള്ള പരമാവധി പ്രായപരിധി 25 വയസായി നിജപ്പെടുത്തി. പെൻഷൻകാരായ വിദ്യാർത്ഥികൾ, പ്രായപരിധി ബാധകമല്ലാത്ത റഗുലർ കോഴ്സ് പഠിക്കുന്നവർ തുടങ്ങിയവർക്ക് ഇനി മുതൽ കൺസഷൻ ആനുകൂല്യം ലഭ്യമാക്കില്ല. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്കും യാത്രാ ഇളവില്ല. നിവലിൽ പ്ലസ് ടു വരെുള്ള വിദ്യാർഥികൾക്ക് പൂർണമായും സൗജന്യയാത്രയും മറ്റ് വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ യാത്രയ്ക്കായി കൺസഷനും ടിക്കറ്റും നൽകുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ നൽകി വരുന്ന വിവിധ ആനുകൂല്യങ്ങളുടെ ഭാഗമായി 2016 മുതൽ 2020 വരെ 966.31 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് സിഎംഡിയുടെ കത്തിൽ വ്യക്തമാക്കുന്നു.
സർക്കാർ, അർദ്ധ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ, സ്പെഷ്യൽ സ്കൂളുകൾ, സ്പെഷ്യലി ഏബിൾഡ് ആയ വിദ്യാർഥികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യം നൽകുന്ന കേന്ദ്രങ്ങൾ എന്നിവയ്ക്ക് വിദ്യാർഥി കൺസഷൻ നിലവിലെ രീതിയിൽ തന്നെ തുടരും. എന്നാൽ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളുടെ യാത്രാനിരക്കിന്റെ 30ശതമാനം മാത്രമേ കൺസഷൻ നൽകൂവെന്നുമാണ് പുതിയ തീരുമാനം.
സ്വാശ്രയ കോളേജുകളിലെയും സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെയും ബിപിഎൽ പരിധിയിൽ വരുന്ന മുഴുവൻ കുട്ടികൾക്കും സൗജന്യ നിരക്കിൽ കൺസഷൻ അനുവദിക്കും. എന്നാൽ സ്വാശ്രയ കോളേജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗനൈസ്ഡ് സ്കൂളുകൾ എന്നിവ യഥാർഥ ടിക്കറ്റ് നിരക്കിന്റെ 35ശതമാനം വിദ്യാർഥിയും, 35ശതമാനം മാനേജ്മെന്റും അടയ്ക്കണമെന്നും വിദ്യാർത്ഥികളുടെ കൺസിഷൻ 30% നിരക്കിലാണ് അനുവദിക്കുക എന്നുമാണ് പുതിയ തീരുമാനം.