കേരളാ കോൺഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ പുതിയ പാർട്ടി ഇന്ന്

കേരളാ കോൺഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ പുതിയ പാർട്ടി ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുന്‍പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമെന്നതും ശ്രദ്ധേയം.
Updated on
1 min read

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട ജോണി നെല്ലൂരിന്‌റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. ബിജെപിയുടെ ആശിര്‍വദത്തോടെ ക്രൈസ്തവ വോട്ട് ലക്ഷ്യമാക്കിയാണ് പുതിയ പാര്‍ട്ടി രൂപീകരണം. കേരളത്തിന് പുറത്തും സ്വാധീനമുള്ള, ദേശീയ സ്വഭാവമുള്ള പാര്‍ട്ടിയെന്നാണ് ജോണി നെല്ലൂരിന്‌റെ അവകാശവാദം. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് കൊച്ചിയിൽ നടക്കും.

ബുധനാഴ്ചയാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‌റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജോണി നെല്ലൂര്‍ രാജിവച്ചത്. യുഡിഎഫ് സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പറഞ്ഞ ജോണി നെല്ലൂര്‍, യുഡിഎഫിനും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചിരുന്നു. കര്‍ഷകര്‍കര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ദേശീയ സ്വഭാവമുള്ള പാര്‍ട്ടി രൂപീകരിക്കുമെന്നാണ് ജോണി നെല്ലൂര്‍ വിശദീകരിച്ചത്. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാകും പേര്.

നാളുകളായുള്ള അണിയറ നീക്കത്തിന് പിന്നാലെയാണ് പുതിയ പാര്‍ട്ടി രൂപീകരണം. സംസ്ഥാനത്ത് ക്രിസ്ത്യന്‍ മതവിശ്വാസികളെ കൂടെ നിര്‍ത്താനുള്ള ബിജെപി ശ്രമത്തിന്‌റെ ഭാഗം കൂടിയാണ് ഇത്. ഈസ്റ്റര്‍ ദിനത്തില്‍ ബിജപി നേതാക്കള്‍ വിവിധ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ചതും ബിജെപിയുമായുള്ള സമീപനങ്ങള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ പരസ്യമായി പങ്കുവച്ചതും ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുട കേരളാ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുന്‍പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമെന്നതും ശ്രദ്ധേയം.

മാത്യുസ്റ്റീഫന്‍, ജോര്‍ജ് കെ മാത്യു തുടങ്ങിയവരും എന്‍ പി പിയുടെ ഭാഗമാകും. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ട വിക്ടര്‍ ടി തോമസും പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in