ഉടൻ സ്ഥാനം ഒഴിയേണ്ടതില്ല, സിസ തോമസിന് പിന്തുണയുമായി രാജ്ഭവന്‍; പുതിയ വി സി നിയമനം ഉടനുണ്ടാവില്ല
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിന് പിന്തുണയുമായി രാജ്ഭവന്‍. സിസ തോമസ് ഉടന്‍ വൈസ് ചാന്‍സലര്‍ സ്ഥാനമൊഴിയേണ്ടതില്ലെന്ന് രാജ്ഭവന്‍ നിര്‍ദേശം നല്‍കി. ഹൈക്കോടതി വിധിയിൽ അവ്യക്തത ഉണ്ടെന്നും രാജ്ഭവന്‍ വിലയിരുത്തി. സിസ തോമസിന് പകരക്കാരനെ ഉടന്‍ കണ്ടെത്തേണ്ടതില്ലെന്നാണ് രാജ്ഭവന്റെ തീരുമാനം. നിയമനാധികാരി അറിയിക്കാതെ സ്ഥാനമൊഴിയില്ലെന്നാണ് സിസ തോമസിന്റെയും നിലപാട്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ പാനലില്‍ ഉടന്‍ വി സി നിയമനം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുതിയ വി സി സ്ഥാനത്തേക്ക് മൂന്നംഗ പാനൽ നിർദേശിച്ചുകൊണ്ട് രാജ്ഭവന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ പാനൽ സംബന്ധിച്ച വിഷയത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിയമോപദേശം തേടിയിട്ടുണ്ട് എന്നാണ് രാജ്ഭവന്‍ നൽകിയ മറുപടി.
കെടിയു വി സിയായി സിസ തോമസിന്റെ നിയമനം താത്കാലികം തന്നെയെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ചട്ടപ്രകാരമുളള നടപടികൾ പൂർത്തിയാക്കിയുള്ള നിയമനമല്ലെന്നും പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ വി സി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സർക്കാരിനാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് വൈസ് ചാൻസലർക്ക് സ്ഥാനം ഒഴിയേണ്ടി വന്നതിനെ തുടർന്നാണ് വി സിയുടെ താത്കാലിക നിയമനം വേണ്ടി വന്നത്. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർക്കോ പ്രൊവൈസ് ചാൻസലർക്കോ ചുമതല നൽകണമെന്ന സർക്കാർ നിർദേശം കണക്കിലെടുക്കാതെ ചാൻസലർ ഏകപക്ഷീയമായി തീരുമാനം എടുത്തെന്നാരോപിച്ചാണ് സർക്കാർ സിംഗിൾബെഞ്ചിനെ സമീപിച്ചത്. മാര്‍ച്ച് വരെ സിസ തോസമിന് കാലാവധി ഉണ്ടെന്നിരിക്കെ പുതിയ വൈസ് ചാന്‍സലറെ നിയമിക്കണമെന്ന് സര്‍ക്കാര്‍ കടുംപിടുത്തം കാണിച്ചില്ലെങ്കില്‍ സിസ തോമസ് തുടരാനാണ് സാധ്യത.