ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് തിരിച്ചടി; 100 കോടി രൂപ പിഴയിട്ട്  ദേശീയ ഹരിത ട്രൈബ്യൂണൽ

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് തിരിച്ചടി; 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

വീഴ്ച പറ്റിയ ഉദ്യോഗസ്ഥരെ കണ്ടെത്തി, അവര്‍ക്കെതിരെ രണ്ട് മാസത്തിനകം ക്രിമിനല്‍ നടപടി ആരംഭിക്കണമെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും ചീഫ് സെക്രട്ടറിക്ക് നിർദേശം
Updated on
1 min read

ബ്രഹ്മപുരം തീപിടിത്തത്തില്‍ കടുത്ത നടപടിയുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി. ഒരു മാസത്തിനകം പിഴയൊടുക്കാനാണ് നിര്‍ദേശം. ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിൽ നിന്ന് 500 കോടി രൂപ വരെ പഴയീടാക്കിയേക്കാമെന്ന മുന്നറിയിപ്പാണ് വെള്ളിയാഴ്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപയുടെ പിഴ ചുമത്തി ഉത്തരവിറക്കുകയായിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണര്‍ നിയമത്തിന്‌റെ 15ാം വകുപ്പ് പ്രകാരം പരിസ്ഥിതി കോംപന്‍സേഷനായാണ് പിഴയിട്ടത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വീഴ്ചവരുത്തുന്നത് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പിഴത്തുക സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഒരു മാസത്തിനകം അടയ്ക്കണം. ബാധിതരായ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളടക്കം പരിഹരിക്കുന്നതിന് പിഴത്തുക ഉപയോഗിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

Attachment
PDF
167907381015755468366414a212d0f70.pdf
Preview

തീപിടിത്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. വീഴ്ച പറ്റിയ ഉദ്യോഗസ്ഥരെ കണ്ടെത്തി, അവര്‍ക്കെതിരെ രണ്ട് മാസത്തിനകം ക്രിമിനല്‍ നടപടി ആരംഭിക്കണമെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ്.

മാലിന്യ സംസ്‌കരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമാണ് ഉത്തരവിലുള്ളത്. സുപ്രീംകോടതി നിർദേശങ്ങളും മാലിന്യ നിർമാർജന ചട്ടങ്ങളും നിരന്തരം ലംഘിക്കപ്പെട്ടു. പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും മാലിന്യ സംസ്‌കരണം ശരിയായ രീതിയിലല്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. മലിനീകരണ നിയന്ത്രണത്തിന്‌റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും എന്‍ജിടി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in