മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമി കണ്ടുകെട്ടി; നിരോധിത സംഘടനായ പിഎഫ്ഐയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമെന്ന് എൻഐഎ

മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമി കണ്ടുകെട്ടി; നിരോധിത സംഘടനായ പിഎഫ്ഐയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമെന്ന് എൻഐഎ

പിഎഫ്ഐ നിരോധിച്ച ശേഷം കണ്ടുകെട്ടുന്ന കേരളത്തിലെ ആറാമത്തെ കേന്ദ്രമാണ് മഞ്ചേരിയിലേത്
Updated on
1 min read

നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന കേരളത്തിലെ പരിശീലന കേന്ദ്രം ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. ഗ്രീൻ വാലി ഫൗണ്ടേഷന്റെ മലപ്പുറം മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയാണ് എൻഐഎ കണ്ടുകെട്ടിയത്. പിഎഫ്ഐയുടെ കേരളത്തിലെ ഏറ്റവും വലിയ ആയുധ-ശാരീരിക പരിശീലന കേന്ദ്രങ്ങളിലൊന്നാണ് ഗ്രീൻ വാലിയെന്ന് എൻഐഎ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിന്റെ പൂർവരൂപമായിരുന്ന നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട് ഉപയോഗിച്ചുപോന്നിരുന്ന കേന്ദ്രം പിന്നീട് പിഎഫ്ഐ ഏറ്റെടുക്കുകയായിരുന്നു എന്ന് എൻഐഎ ചൂണ്ടിക്കാട്ടുന്നു. പിഎഫ്ഐ നിരോധിച്ച ശേഷം കണ്ടുകെട്ടുന്ന കേരളത്തിലെ ആറാമത്തെ ആയുധ പരിശീലന കേന്ദ്രമാണ് മഞ്ചേരിയിലേത്. പത്ത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് ഗ്രീൻ വാലി അക്കാദമി. നേരത്തെ പിഎഫ് ഐയുടെ പതിനെട്ട് വസ്തുവകകളും 'തീവ്രവാദ ബന്ധ'ത്തിന്റെ പശ്ചാത്തലത്തിൽ പിടിച്ചെടുത്തിരുന്നു.

പി‌എഫ്‌ഐയുടെ 'സേവന വിഭാഗത്തി'ലേക്ക് തിരഞ്ഞെടുക്കുന്ന കേഡർമാർക്ക് ആയുധ പരിശീലനവും ശാരീരിക പരിശീലനവും സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കാനുള്ള പരിശീലനവും നൽകുന്ന ഇടമായിരുന്നു ഗ്രീൻ വാലിയെന്ന് എൻഐഎ ചൂണ്ടിക്കാട്ടുന്നു. 2047-ഓടെ ഇന്ത്യയിൽ ഇസ്‌ലാമിന്റെ ഭരണം സ്ഥാപിക്കുക എന്ന പിഎഫ്‌ഐയുടെ ആത്യന്തിക ലക്ഷ്യത്തെ തടയുന്നവരെ അക്രമിക്കുകയാണ് സേവന വിഭാഗത്തിന്റെ ചുമതലയെന്നും അന്വേഷണ ഏജൻസി പറയുന്നു. കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ പിഎഫ്ഐ പ്രവർത്തകരുടെ ഒളിത്താവളമായും ഗ്രീൻ വാലി പ്രവർത്തിച്ചിരുന്നതായും എൻഐഎ ചൂണ്ടിക്കാട്ടുന്നു. മലബാർ ഹൗസ്, പെരിയാർ വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിവയാണ് പിടിച്ചെടുത്ത കേരളത്തിലെ മറ്റ് അഞ്ച് പിഎഫ്ഐ പരിശീലന കേന്ദ്രങ്ങൾ.

"യുവാക്കളെ തീവ്രവത്ക്കരിക്കാനും പിഎഫ്ഐയുടെ വിഭജനവും വർഗീയവുമായ അജണ്ട പ്രോത്സാഹിപ്പിക്കാനും ഈ കേന്ദ്രം ഉപയോഗിക്കപ്പെട്ടു. ആയുധ-ശാരീരിക പരിശീലനം, പ്രത്യയശാസ്ത്ര പ്രചാരണം, കൊലപാതകങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പരിശീലനം എന്നിവയ്ക്കായി സംഘടനയുടെ നേതൃത്വം ഇടയ്ക്കിടെ ഉപയോഗിക്കുന്ന 12 പിഎഫ്ഐ ഓഫീസുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്." എൻഐഎ പറഞ്ഞു.

സംഘടനയുടെ അംഗങ്ങളോ നേതാക്കളോ രൂപീകരിച്ച ചാരിറ്റബിൾ, എഡ്യുക്കേഷൻ ട്രസ്റ്റുകളുടെ മറവിൽ പിഎഫ്‌ഐ ഇത്തരം നിരവധി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ അവകാശപ്പെട്ടു. തീവ്രവാദവും അക്രമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശീലന ക്യാമ്പുകളും നടത്തുന്നതിന് പിഎഫ്‌ഐ നിരവധി കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ തിങ്കളാഴ്ച അറിയിച്ചു.

logo
The Fourth
www.thefourthnews.in