എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: അഭിഭാഷകനുമായി സ്വകാര്യമായി സംസാരിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ ആവശ്യം തളളി എന്‍ ഐ എ കോടതി. അഭിഭാഷകനുമായി സ്വകാര്യമായി സംസാരിക്കണമെന്ന പ്രതി ഷാരൂഖിന്റെ ആവശ്യമാണ് എൻ ഐ എ കോടതി തളളിയത്. ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ പ്രതി അപേക്ഷ നൽകിയിരുന്നു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ അഭിഭാഷകനുമായി സംസാരിക്കണമെന്നായിരുന്നു ഷാരൂഖിൻ്റെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ ചോദ്യം ചെയ്ത സുഹൃത്തിന്റെ പിതാവ് ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച സാഹചര്യം ചൂണ്ടിക്കാണിച്ചായിരുന്നു ഷാരൂഖ് സെയ്ഫിയുടെ ആവശ്യം. എൻ ഐ എ ഉദ്യോഗസ്ഥരുടെ സാനിധ്യമില്ലാതെ അഭിഭാഷകനുമായി തനിച്ച് സംസാരിക്കാൻ അനുവദിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി പ്രതിയോട് സംസാരിക്കാമെന്നായിരുന്നു കോടതി അറിയിച്ചത്.
നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകനുമായി സംസാരിച്ചതും കോടതി ചൂണ്ടിക്കാട്ടി. ഷാരൂഖ് സെയ്ഫിയുടെ ആവശ്യം എൻ ഐ എ ശക്തമായി എതിർത്തിരുന്നു. ശനിയാഴ്ച ഷാരൂഖിനെ ഓൺലൈനായി കൊച്ചി പ്രത്യേക എൻ ഐ എ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.
ട്രെയിന്‍ തീവയ്പിന് ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് ഷാരൂഖ് സെയ്ഫി പോലീസ് പിടിയിലായത്. ഇയാള്‍ രത്നഗിരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം അജ്മീറിലേക്ക് കടക്കാനായിരുന്നു ശ്രമം. അതിനിടെയാണ് രത്‌നഗിരി പോലീസ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പ്രതിയെ പിടികൂടുന്നത്.
ഏപ്രില്‍ രണ്ടിന് രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി1 കോച്ചില്‍ ആക്രമണമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോയ ട്രെയിന്‍ രാത്രി 9.07ന് എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന പെട്രോൾ യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച അക്രമി തീയിടുകയായിരുന്നു. റിസര്‍വ്ഡ് കംപാര്‍ട്ടമെന്റിലാണ് ആക്രമണമുണ്ടായത്. തീവയ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് മൂന്നു പേരെ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.