അലന്‍ ഷുഹൈബ്
അലന്‍ ഷുഹൈബ്

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ എൻഐഎ കോടതി വിധി ഇന്ന്

എൻഐഎ അന്വേഷിക്കുന്ന കേസിൽ നേരത്തെ അലൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു
Updated on
1 min read

പന്തീരാങ്കാവ് മാവോയ്‌സ്റ്റ് കേസിൽ പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷയിൽ എറണാകുളത്തെ പ്രത്യേക എൻഐഎ കോടതി ഇന്ന് വിധി പറയും. എൻഐഎ അന്വേഷിക്കുന്ന കേസിൽ നേരത്തെ അലൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ഇതിനുശേഷം പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ജൂനിയർ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അലനെതിരെ ധർമ്മടം പോലീസ് കേസെടുത്തു. മറ്റ് കേസുകളിൽ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസിൽ കോടതി ജാമ്യം അനുവദിച്ചതെന്നും ധർമ്മടം പോലീസ് കേസെടുത്ത സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും പോലീസ് തന്നെ കോടതിക്ക് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിലാണ് എന്‍ഐഎ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

മാവോയ്സ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ മറ്റ് കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്യരുതെന്നായിരുന്നു യുഎപിഎ കേസില്‍ അലനുള്ള ജാമ്യ വ്യവസ്ഥകളില്‍ ഒന്ന്

റോണാ വിൽസൺ, ഹാനി ബാബു തുടങ്ങിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അലന്റെ ഫേസ്ബുക് പോസ്റ്റുകൾ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നതാണെന്നാണ് എൻഐഎയുടെ വാദം. അലന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ മറ്റ് ഇടപെടലുകളും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നുണ്ട്. മാവോയ്സ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ മറ്റ് കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്യരുത് എന്നതായിരുന്നു യുഎപിഎ കേസില്‍ അലനുള്ള ജാമ്യ വ്യവസ്ഥകളില്‍ ഒന്ന്. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് ആരോപണം.

അലന്‍ ഷുഹൈബ്
അലന്റെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ കോടതിയില്‍: നീക്കം കേരളാ പോലീസിന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍

2019 നവംബർ ഒന്നിനാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയ്സ്റ്റ് ലഘുലേഖകളുമായി അലനും സുഹൃത്ത് ത്വാഹയും പിടിയിലായത്. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിലും പോലീസ് രേഖകൾ കണ്ടെടുത്തിരുന്നു. തുടർന്ന് 2019 ഡിസംബർ 18ന് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയിരുന്നു.

logo
The Fourth
www.thefourthnews.in