'പുതുപ്പള്ളിയില്‍ കോൺഗ്രസ് വിമതൻ': ചര്‍ച്ചകള്‍ക്ക് അല്‍പ്പായുസ്, വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തൻ
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ അനുയായി ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് നിബു ജോണ്‍. വാര്‍ത്തകള്‍ ഒന്നും താന്‍ അറിഞ്ഞില്ല. താന്‍ ആരെയും സമീപിച്ചിട്ടില്ല. സിപിഎമ്മും തന്നെ സമീപിച്ചിട്ടില്ല. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താനെന്നും ഒരിക്കലും അത്തരം നിലപാട് സ്വീകരിക്കില്ലെന്നും നിബു ജോണ്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.
' സംഭവം വിവാദമാകുമ്പോള്‍ ചാണ്ടി ഉമ്മന്‍ കൂടെ ഉണ്ടായിരുന്നു. ബന്ധുവിന്റെ മരണ വീട്ടിലിരുന്നാണ് വിവരം അറിഞ്ഞത്. വാര്‍ത്ത വന്നതിന്റെ ഉറവിടം അറിയില്ല. ആരെങ്കിലും ഊഹിച്ച് പറഞ്ഞതാകും. ഞാനും ആരെയും സമീപിച്ചിട്ടില്ല സിപിഎമ്മും തന്നെ സമീപിച്ചിട്ടില്ല. ഇതിനോടൊക്കെ എന്ത് മറുപടി പറയാനാണ്. ചോദിച്ചവരോട് മറുപടി പറഞ്ഞ് മടുത്തു. ഒരു തരത്തിലുള്ള നീക്കവും ഇല്ല. മൂന്ന് തവണ തദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. അത് ഉമ്മന്‍ ചാണ്ടി സാര്‍ പറഞ്ഞത് കൊണ്ടാണ്. പലതവണ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മത്സര രംഗത്തേക്ക് വരാതെയും നേതൃസ്ഥാനത്തേക്ക് വരാതെയും മാറി നിന്നതാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി പരിപാടികള്‍ എവിടെ നടത്തിയാലും ക്രമീകരണങ്ങള്‍ക്കായി ഞാന്‍ ഉണ്ട്. അല്ലാതെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നിന്നിട്ടില്ല' നിബു ജോണ്‍ പറഞ്ഞു.
അതേസമയം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിപിഎമ്മും വ്യക്തമാക്കി. ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ല. വാര്‍ത്തയുടെ ഉറവിടമെവിടെയെന്ന് നേതാക്കള്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളെ ചുറ്റിപറ്റിയുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് തന്നെയാകും ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുന്നതെന്ന് വിഎന്‍ വാസവന്‍ പറഞ്ഞു. 'ഒരു പേരും ചര്‍ച്ച ചെയ്തിട്ടില്ല. നാളെ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ തീരുമാനം എടുക്കും. തുടര്‍ന്ന് ജില്ല എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്‌തേ തീരുമാനം പറയു'. രാഷ്ട്രീയ പോരാട്ടത്തിന് സിപിഎമ്മില്‍ നിന്ന് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി ഉണ്ടായേക്കുമെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.