നികേഷ് കണ്ണൂരിൽ പ്രവർത്തിക്കും; സിപിഎം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാകും

നികേഷ് കണ്ണൂരിൽ പ്രവർത്തിക്കും; സിപിഎം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാകും

കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തെ നികേഷ്കുമാർ മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങുകയാണെന്നും കണ്ണൂർ ആവും തട്ടകമെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചിരുന്നു
Updated on
1 min read

റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് പദവി ഒഴിഞ്ഞ എം വി നികേഷ് കുമാറിനോട് കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കാൻ സിപിഎം നിർദേശം. നിലവിൽ സിപിഎം അംഗമായ നികേഷ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാകുമെന്ന് അറിയുന്നു. കഴിഞ്ഞ ദിവസം ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തെ നികേഷ്കുമാർ മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങുകയാണെന്നും കണ്ണൂർ ആവും തട്ടകമെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചിരുന്നു. അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവാക്കണം എന്ന നിർദേശം ജയരാജൻ മുന്നോട്ടു വയ്ക്കുകയും കമ്മിറ്റി ഏകകണ്ഠമായി പിന്തുണയ്ക്കുകയും ചെയ്തു.

എന്നാൽ, ഈ തീരുമാനം അടുത്ത സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നതോടെ മാത്രമേ നിലവിൽ വരികയുളളൂ. രണ്ടു വർഷം കണ്ണൂരിലെ പൊതുമണ്ഡലത്തിൽ സജീവമായ ശേഷം 2026-ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് പദ്ധതിയെന്ന് അറിയുന്നു. 2016-ൽ അഴീക്കോട് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച നികേഷ് മുസ്ലിം ലീഗ് സ്ഥാനാർഥിയായ കെ എം ഷാജിയോട് 2284 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. 

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പ്രാദേശികമായി മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നികേഷിനെ പരിഗണിക്കാൻ സാധ്യതയുണ്ട്. ചേരിപ്പോര് രൂക്ഷമായതിനാൽ ലോക് സഭ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്നുള്ള കേന്ദ്ര നേതാവ് എ വിജയരാഘവനെയാണ് പാർട്ടി മത്സരിപ്പിച്ചത്. നിഷ്പക്ഷ വോട്ടുകളും സവർണ ഹിന്ദു വോട്ടുകളും സമാഹരിക്കാൻ കഴിയുന്ന ഒരു സ്ഥാനാർഥിക്കാവും പാലക്കാട്ട് വിജയസാധ്യതയെന്ന വിലയിരുത്തൽ നികേഷ് കുമാറിന് അനുകൂലമാണ്. 

മേലത്ത് വീട്ടിൽ നികേഷ് കുമാർ സിപിഎം മുൻനിര നേതാവും സി എം പിയുടെ സ്ഥാപകനുമായ എം വി രാഘവന്റെയും ജാനകിയുടെയും മകനാണ്. കഴിഞ്ഞ മാസം 51 വയസ് തികഞ്ഞ അദ്ദേഹം 1994-ൽ കേരള യൂണിവേഴ്സിറ്റിയിൽ യിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും 1995-ൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നും ജേണലിസം ഡിപ്ലോമയും നേടിയ ശേഷമാണ് മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യ വിഷനിലും പ്രവർത്തിച്ച ശേഷം റിപ്പോർട്ടർ ടിവിയുടെ സംരംഭകനും സ്ഥാപകനുമായി. കഴിഞ്ഞ വർഷം പുതിയ മാനേജ്മെന്റിന് ചാനൽ കൈമാറിയ ശേഷവും എഡിറ്റർ ഇൻ ചീഫ് സ്ഥാനത്ത് തുടരുകയായിരുന്നു. ഇന്ന് വൈകിട്ടാണ് 28 വർഷത്തെ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുന്ന വിവരം ചാനലിലൂടെ നികേഷ് പ്രേക്ഷകരെ അറിയിക്കുന്നത്. മാധ്യമപ്രവർത്തന മികവിനുള്ള രാംനാഥ് ഗോയങ്ക അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. 

logo
The Fourth
www.thefourthnews.in