വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് ആജീവനാന്ത വിലക്കേർപ്പെടുത്തി കേരള സർവകലാശാല
കായംകുളം എംഎസ്എം കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി അഡ്മിഷൻ നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് ആജീവനാന്ത വിലക്കേർപ്പെടുത്തി കേരള സർവകലാശാല. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. നിഖിൽ തോമസിന് ഇനി സർവകലാശാലയ്ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ സാധിക്കില്ല.
സംഭവവുമായി ബന്ധപ്പെട്ട് എംഎസ്എം കോളേജ് അധികൃതരെ വിളിച്ചു വരുത്താനും സിൻഡിക്കേറ്റ് യോഗം സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി. കോളേജ് അധികൃതരിൽ നിന്ന് വിശദീകരണം തേടുന്നതിനായി പ്രത്യേക സമിതിയെയും യോഗം ചുമതലപ്പെടുത്തി. സർവകലാശാല രജിസ്ട്രാർ, കൺട്രോളർ, IQAC കോ ഓർഡിനേറ്റർ എന്നിവർ അടങ്ങുന്നതാണ് സമിതി.
സംസ്ഥാനത്തുനിന്ന് പുറത്തുള്ള സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിക്കാനും സിൻഡിക്കേറ്റ് യോഗത്തിൽ ധാരണയായി. ഇതിനായി സർവകലാശാലയിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്.
അതിനിടെ, നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയത് സുഹൃത്ത് അബിന്‍ സി രാജിനെ ഇന്ന് കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിയ അബിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ വിഷയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്റെ പേര് മനഃപൂർവം ഇതിലേക്ക് വലിച്ചിഴച്ചതാണെന്നും അബിന്‍ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. അബിന്‍ രണ്ട് ലക്ഷം രൂപയ്ക്ക് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കി എന്നായിരുന്നു നിഖിലിന്റെ പ്രതികരണം.