'ബികോം ഫസ്റ്റ് ക്ലാസ്'; നിഖിലിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കണ്ടെടുത്തു
മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കണ്ടെത്തി പോലീസ്. നിഖിലിന്റെ കായംകുളത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് കണ്ടെടുത്തത്. കലിംഗ സർവകലാശാലയുടെ പേരിലുള്ളതാണ് സർട്ടിഫിക്കറ്റ്. ബികോം ഫസ്റ്റ് ക്ലാസിൽ പാസായെന്ന വ്യാജ മാർക്ക് ലിസ്റ്റുകളും വീട്ടിൽ നിന്ന് ലഭിച്ചു. കിടക്കയ്ക്കടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും. പണമിടപാട് രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ കൊച്ചിയിലെ സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തും.
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിലായിരുന്ന നിഖിൽ തോമസ് ശനിയാഴ്ചയാണ് അറസ്റ്റിലായത്. തന്റെ സുഹൃത്താണ് സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് നിഖിൽ നൽകിയ മൊഴി. ഒറിജിനൽ സർട്ടിഫിക്കറ്റാണെന്ന് സുഹൃത്ത് ഉറപ്പ് പറഞ്ഞെന്നും, അതുകൊണ്ടാണ് എം കോമിന് അപേക്ഷിക്കാൻ അത് ഉപയോഗിച്ചതെന്നും നിഖിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മാലിദ്വീപിലുള്ള നിഖിലിന്റെ സുഹൃത്തും മുൻ എസ്എഫ്ഐ നേതാവുമായ അബിൻ സി രാജിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കായംകുളം എംഎസ്എം കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്ന നിഖിൽ തോമസ് പരീക്ഷ പാസാകാതെ കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ഇതേ കോളേജിൽ എംകോമിന് ചേർന്നതാണ് വിവാദത്തിന് വഴിവച്ചത്. വിവാദമായതോടെ എംഎസ്എം കോളേജ് നൽകിയ പരാതിയിലാണ് കായംകുളം പോലീസ് നിഖിൽ തോമസിനെതിരെ കേസെടുത്തത്.