നിഖിൽ തോമസിന് സസ്പെന്‍ഷന്‍; നിയമനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ, അന്വേഷണത്തിന് ആറംഗ സമിതി

നിഖിൽ തോമസിന് സസ്പെന്‍ഷന്‍; നിയമനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പാൾ, അന്വേഷണത്തിന് ആറംഗ സമിതി

നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാർ വ്യക്താക്കിയതിന് പിന്നാലെയാണ് കോളേജിന്റെ നടപടി
Updated on
1 min read

വ്യാജ ബിരുദ വിവാദത്തിൽ കുറ്റാരോപിതനായ ആലപ്പുഴ ജില്ലാ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കായംകുളം എംഎസ്എം കോളേജ്. കോളേജിൽ നിന്നും നിഖിലിനെ സസ്പെൻഡ് ചെയ്തു. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് താഹ പ്രതികരിച്ചു. നിയമോപദേശം തേടിയിട്ടുണ്ടെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ ആറംഗ സമിതിയെ നിയോഗിച്ചതായും രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. കോളേജിൽ നടന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാർ വ്യക്താക്കിയതിന് പിന്നാലെയാണ് കോളേജിന്റെ നടപടി.

സർവകലാശാലയിൽ നിന്ന് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയാണ് കോളേജിൽ കൊണ്ടുവന്നത്. അന്ന് സംശയം തോന്നിയിരുന്നില്ല. അതുകൊണ്ടാണ് അഡ്മിഷൻ നൽകിയത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇപ്പോഴാണ് ബോധ്യപ്പെടുന്നത്. കോളജിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

നിഖിൽ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകാലാശാല വിസിയും സ്ഥിരീകരിച്ചിരുന്നു. നിഖിലിനും എംഎസ്എം കോളേജിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വി സി ഡോ. മേഹനനന്‍ കുന്നുമ്മല്‍ പറഞ്ഞു. കായംകുളം എംഎസ്എം കോളേജ് രണ്ടാം വർഷ എംകോം വിദ്യാർഥിയായ നിഖില്‍ തോമസ് എംകോം പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു പരാതി.

logo
The Fourth
www.thefourthnews.in