യുനെസ്കോ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേർണിംഗ് സിറ്റികളില്‍ നിലമ്പൂരും തൃശ്ശൂരും

യുനെസ്കോ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേർണിംഗ് സിറ്റികളില്‍ നിലമ്പൂരും തൃശ്ശൂരും

ശൃംഖലയുടെ ഭാഗമാകുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരങ്ങള്‍
Updated on
1 min read

യുനെസ്കോയുടെ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേർണിംഗ് സിറ്റീസിന്റെ (ജിഎൽസി) ഭാഗമായി നിലമ്പൂരും തൃശ്ശൂരും. ഇന്ത്യയിൽ നിന്ന് നെറ്റ്‌വർക്കിന്റെ ഭാഗമാവുന്ന ആദ്യത്തെ നഗരങ്ങളാണ് ഇവ. ആഗോള നഗരങ്ങളുടെ നെറ്റ്‌വർക്കിൽ ബീജിംഗ്, ഷാങ്ഹായ്, ഹാംബർഗ്, ഏഥൻസ്, ഇഞ്ചിയോൺ, ബ്രിസ്റ്റോൾ, ഡബ്ലിൻ തുടങ്ങിയ വികസിത നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.

അന്താരാഷ്ട്ര നയ-അധിഷ്ഠിത ശൃംഖലയാണ് യുനെസ്‌കോ ഗ്ലോബൽ നെറ്റ്‌വർക്ക് ഓഫ് ലേണിംഗ് സിറ്റിസ്. ആഗോള തലത്തില്‍ ആശയങ്ങളും പദ്ധതികളും പങ്കുവെച്ചുകൊണ്ട് നഗരങ്ങളുടെ വികസനത്തിനും പുരോഗതിക്കും വഴിയൊരുക്കുന്നു. ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്ന നഗരങ്ങൾക്ക് മറ്റ് നഗരങ്ങളുമായി വികസനത്തിനുള്ള ആശയങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യുന്നതും പങ്കുവെക്കുന്നതും വളരെയധികം പ്രയോജനം ചെയ്യും. യുനെസ്കോയുടെ കണക്കുകൾ അനുസരിച്ച് 44 രാജ്യങ്ങളിൽ നിന്നുള്ള 77 നഗരങ്ങൾ ജിഎൽസിയിൽ അംഗങ്ങൾ ആയിട്ടുണ്ട്.

ബീജിംഗ്, ഷാങ്ഹായ്, ഹാംബർഗ്, ഏഥൻസ്, ഇഞ്ചിയോൺ, ബ്രിസ്റ്റോൾ, ഡബ്ലിൻ തുടങ്ങിയ വികസിത നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.

കേരളത്തിലെ ഒരു പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് നിലമ്പൂർ. നഗര- ഗ്രാമ വാസികളും വ്യത്യസ്ത സാമൂഹിക-സാമ്പത്തിക മേഖലയിൽ പെട്ടവരും അടങ്ങുന്ന പ്രദേശമാണിത്. ജനസംഖ്യയുടെ ഭൂരിഭാഗവും കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. സുസ്ഥിര വികസനം, ലിംഗസമത്വം, വൈവിധ്യങ്ങളെ ഉൾക്കൊള്ളൽ, ജനാധിപത്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വളർന്നു വരുന്ന നഗരമാണിത്. ഈ ഉദ്യമത്തിന് കീഴിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനും യു എൻ സുസ്ഥിര വികസന ലക്ഷ്യം - 2 ആയ ' പൂജ്യം പട്ടിണി'യും നഗരം ലക്ഷ്യമിടുന്നുണ്ട്.

എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പുവരുത്തുക വഴി സ്ത്രീകൾക്ക് വളർച്ചക്ക് തുല്യ അവസരം നൽകുക, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറക്കുക, ശേഷി വർദ്ധിപ്പിക്കൽ പ്രോത്സാഹിപ്പിക്കുക എന്നിവയും നഗരത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ പെടുന്നു. ആജീവനാന്തമായ പഠന സംരംഭങ്ങൾ നിലമ്പൂരിലെ കൃഷിയും കരകൗശലവസ്തുക്കളിലും നവീകരണങ്ങൾ നടത്തുന്നതിനും ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ജല മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനുമുള്ള ഉപകരണങ്ങൾ നൽകും.

ആരോഗ്യമേഖലയിലും വലിയ നേട്ടങ്ങൾ പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട്. നഗരം പ്രധാനമായും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ വികസനത്തിന് പ്രസിദ്ധമാണ്. തൊഴിലില്ലായ്മ, ദാരിദ്ര്യം, പാർപ്പിടം, വിദ്യാഭ്യാസം, ഉപജീവനമാർഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഇല്ലാതാക്കുന്നതിലൂടെ സമത്വവും വൈവിധ്യങ്ങളെ ഉൾക്കൊള്ളലും ഉറപ്പാക്കാനും നഗരം പ്രതീക്ഷിക്കുന്നുണ്ട് . മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കായി സമൂഹത്തിനിടയിൽ നൈപുണ്യ പരിശീലനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ നൽകും.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന അറിയപ്പെടുന്ന തൃശൂർ ആണ് യുനെസ്കോയുടെ ശൃംഖലയിൽ ഉൾപ്പെടുന്ന മറ്റൊരു നഗരം. നഗരത്തിലെ ധനകാര്യം, വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം, പൊതുമരാമത്ത്, നഗരാസൂത്രണം എന്നിവയാണ് പട്ടികയിലേക്ക് തൃശ്ശൂരിനെ നയിച്ചത്.

logo
The Fourth
www.thefourthnews.in