കേരളത്തിലെ ഒന്‍പത് വിസിമാര്‍ നാളെ രാജിവയ്ക്കണം; അന്ത്യശാസനവുമായി ഗവര്‍ണര്‍
കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലേയും വൈസ് ചാന്‍സിലര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം. ഒന്‍പത് വിസിമാരോട് നാളെ രാജിവെക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കണ്ണൂര്‍, കേരള, എംജി, കാലിക്കറ്റ്, ഫിഷറീസ്, മലയാളം, കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കാലടി സംസ്കൃത സര്‍വകലാശാല, , കുസാറ്റ് സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്ക് മുന്‍പ് രാജി വയ്ക്കണമെന്നാണ് നിര്‍ദേശം. ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം ഉണ്ടായിരിക്കുന്നത്.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി. വെള്ളിയാഴ്ചയാണ് ഡോ. എപിജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയത്.
യുജിസി ചട്ടപ്രകാരമല്ല നിയമനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി നടപടി. ചാന്‍സലര്‍ക്ക് കൈമാറിയ നിയമനത്തിനുള്ള പട്ടികയില്‍ ഒരാളുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് കോടതി കണ്ടെത്തി. നിയമനം റദ്ദാക്കാനുള്ള കെടിയു മുന്‍ ഡീന്‍ ഡോ. പിഎസ് ശ്രീജിത്തിന്റെ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി.