സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട്ടെ രണ്ട് മരണം വൈറസ് ബാധമൂലമെന്ന് കേന്ദ്രം
കേരളത്തില്‍ നിപ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോഴിക്കോട് ജില്ലയയില്‍ പനി ബാധിച്ച് ഉണ്ടായ രണ്ട് അസ്വാഭാവിക മരണങ്ങളും നിപ മൂലമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംശയമുള്ള നാലു സാമ്പിളുകളുടെ ഫലം കാത്തിരിക്കുന്നു. ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരുമടങ്ങിയ കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേക്ക് എത്തുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരുതോങ്കര, തിരുവള്ളൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള 49 ഉം 56 ഉം വയസുള്ള രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചത്. നിപ്പ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ചികിത്സയിലാണ്. ഇവരുടെ സ്രവ സാമ്പിളുകളുടെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്.
കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേരും മരിച്ചത്. ആശുപത്രിയിലുള്ള മറ്റ് രോഗികളെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ ഐസൊലേറ്റ് ചെയ്യാനും പനിബാധിച്ചവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ സംശയത്തെത്തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യവകുപ്പ് ഇന്നലെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയില്‍ നാലുപേര്‍ നിപ സംശയത്തെത്തുടര്‍ന്ന് ചികിത്സയിലുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളുമടക്കമുള്ളവരാണ് ചികിത്സയിലുള്ളത്. നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും പ്രാഥമി സമ്പര്‍ക്കമാണുള്ളതെന്നും ഇവരെ ഹൈ റിസ്‌ക് പട്ടികയിലാണ് ഉള്‍പ്പെടുത്തിയതിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. കോഴിക്കോട് ചെങ്ങാരോത്ത് ഗ്രാമത്തിലായിരുന്നു രോഗത്തിന്റെ ഉറവിടം. പഴംതീനി വവ്വാലുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നത്. പിന്നീട് 2019-ലും സംസ്ഥാനത്ത് നിപ വൈറസ് ബാധ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ ഇരുപത്തിമൂന്നുകാരനായ വിദ്യാര്‍ഥിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.