നിപയില്‍ ആശങ്ക; മലപ്പുറത്ത് മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയില്‍ 26 പേർ, പുനെ ലാബിലെ പരിശോധനാഫലം കാത്ത് ജില്ലാ ഭരണകൂടം
മലപ്പുറത്ത് നിപ സംശയിക്കുന്ന യുവാവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടിക തയാറാക്കി ആരോഗ്യവകുപ്പ്. 26 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച യുവാവിന്റെ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. സാമ്പിള്‍ പുനെയിലെ നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പുനെയിലെ പരിശോധനയിലും പോസിറ്റിവാണെങ്കില്‍ ജില്ലാഭരണകൂടം നടപടികള്‍ ആരംഭിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രൊബയോളജി വിഭാഗത്തിലായിരുന്നു പ്രാഥമിക പരിശോധനകള്‍ നടത്തിയത്. എംഇസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.
ബെംഗളൂരുവില്‍ പഠിക്കുകയായിരുന്നു വിദ്യാർഥിക്ക് നാട്ടിലെത്തിയശേഷം കടുത്ത പനി ബാധിക്കുകയായിരുന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പനിവിട്ടുമാറത്ത സാഹചര്യത്തിലായിരുന്നു എംഇഎസില്‍ പ്രവേശിപ്പിത്. നിപ സംശയത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേർന്നേക്കും. നിലവില്‍ യുവാവിന്റെ സഹോദരി, സുഹൃത്ത് എന്നിവർ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ജൂലൈയില്‍ നിപ ബാധിച്ച് മലപ്പുറം സ്വദേശിയായ പതിനാലുകാരൻ മരിച്ചിരുന്നു. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശി അഷ്മില്‍ ഡാനിഷാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ പത്തിന് പനി ബാധിച്ച കുട്ടിക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത് ജൂലൈ 20നായിരുന്നു.
കുട്ടിയുടെ ഒരുമാസത്തിന് ശേഷമായിരുന്നു മലപ്പുറം നിപ മുക്തമായി പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞശേഷമായിരുന്നു നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയത്. 472 പേരായിരുന്നു സമ്പർക്കപട്ടികയില്‍ ഉണ്ടായിരുന്നത്.