നിപ സമ്പർക്കപ്പട്ടിക വലുതാവും, ഇന്ന് വൈറസ് സ്ഥിരീകരിച്ചയാള്‍ക്ക് ആദ്യ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം: ആരോഗ്യമന്ത്രി
നിപ വൈറസ് ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ ആളുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പില്‍നിന്ന് വിട്ടുപോയ സ്ഥലങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. റൂട്ട് മാപ്പ് എല്ലായിടത്തും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെയും നിരീക്ഷിക്കും. അവര്‍ക്ക് ലക്ഷണങ്ങളില്ലെങ്കിലും സാമ്പിളുകള്‍ പരിശോധിക്കുമെന്നും കോഴിക്കോട് കലക്ടറേറ്റിൽ നടന്ന സർവകക്ഷി അവലോകനത്തിനുശേഷം മന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ച മുപ്പത്തി ഒൻപതുകാരനായ ചെറുവണ്ണൂര്‍ സ്വദേശിക്ക് ആദ്യ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തി. ആദ്യ വ്യക്തിയുണ്ടായിരുന്ന അതേസമയത്ത് ഇപ്പോൾ രോഗം സ്ഥിരീകരിച്ചയാളും ആശുപത്രിയിലുണ്ടായിരുന്നെന്നും ആരോഗ്യനില തൃപ്തികരമാണ്. വെന്റിലേറ്ററില്‍ തുടരുന്ന ഒന്‍പത് വയസ്സുകാരന്റെ ആരോഗ്യനിലയും തൃപ്തികരമാണ്.
നിരവധിപേരുടെ പരിശോധനാഫലം വരാനുണ്ട്
''നിപ്പ പിടിപെട്ട് ആദ്യം മരിച്ച് വ്യക്തിയില്‍നിന്നുമാണ് കൂടുതല്‍ പേര്‍ക്ക് നിപ വന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോള്‍ നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശി ആദ്യ വ്യക്തി കിടന്ന വാര്‍ഡിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പിനായെത്തിയതായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നാല് പേരാണ് ഇപ്പോള്‍ നിപ ബാധിതരായി തുടരുന്നത്. നിരവധിപേരുടെ പരിശോധനാഫലം വരാനുണ്ട്. മരിച്ചവരുടെ സ്വദേശമായ മരുതോങ്കരയും മംഗലാടും കേന്ദ്രസംഘം സന്ദര്‍ശിക്കുന്നുണ്ട്,'' മന്ത്രി പറഞ്ഞു.
രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പരിശോധനാലാബും സജ്ജമാണ്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരിശോധനയ്ക്ക് പുറമെ, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പരിശോധനാലാബും സജ്ജമാണ്. 192 സാംപിളുകള്‍ ഒരേ സമയം പരിശോധിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒന്നര മണിക്കൂറിനകം ഫലം ലഭിക്കും. ഈ ഫലം പൂനെയ്ക്ക് അയയ്ക്കാതെ തന്നെ ഇവിടെ ഐസിഎംആര്‍ എത്തിച്ച മൊബൈല്‍ ലാബില്‍ പരിശോധിച്ച് ഫലം സ്ഥിരീകരിച്ച് പെട്ടെന്ന് തന്നെ പ്രഖ്യാപിക്കാന്‍ സാധിക്കും. ഇന്നലെ രാത്രി മുതല്‍ മൊബൈല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നിപ പരിശോധനയിൽ നെഗറ്റീവ് ആയാലും 21 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി നിർദേശിച്ചു.
വവ്വാലുകളെ ഓടിക്കുന്നതിനു വേണ്ടി ഈ ഘട്ടത്തില്‍ ശ്രമങ്ങള്‍ നടത്തരുത്
വവ്വാലുകളെ ഓടിക്കുന്നതിനു വേണ്ടി ഈ ഘട്ടത്തില്‍ ശ്രമങ്ങള്‍ നടത്തരുതെന്നും അത് കൂടുതല്‍ വൈറസുകളെ പുറന്തള്ളുന്നതിന് കാരണമാകുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതിനെതിരെ പോലീസ് നടപടിയെടുക്കുമെന്ന് മന്ത്രി റിയാസും അറിയിച്ചു.
സമ്പർക്കപ്പട്ടിക: ഇഖ്റ ആശുപത്രിയിലുണ്ടായിരുന്നവർ ബന്ധപ്പെടണം
കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യവകുപ്പ്. ഓഗസ്റ്റ് 29, 30 തിയതികളില്‍ വെളുപ്പിന് ഇഖ്റ ആശുപത്രിയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യ വകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ അരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.
കാഷ്വാലിറ്റി എമര്‍ജന്‍സി പ്രയോറിറ്റി 1ലും കാഷ്വാലിറ്റി എമര്‍ജന്‍സി പ്രയോറിറ്റി 1നും പ്രയോറിറ്റി 2നും ഇടയിലെ കോറിഡോറിലും വെളുപ്പിന് രണ്ട് മുതല്‍ നാല് വരെയുമുണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം.
എംഐസിയു 2ന് പുറത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ 29ന് വെളുപ്പിന് 3.45 മുതല്‍ 30ന് വെളുപ്പിന് 4.15 വരെ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരും ഇതേസമയത്ത് എംഐസിയു 2ല്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. ഫോണ്‍: 0495 -2383100, 2383101.