പേ വിഷബാധ: വാക്സിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും; 
ആരോഗ്യമന്ത്രിയെ സഭയില്‍ തിരുത്തി മുഖ്യമന്ത്രി

പേ വിഷബാധ: വാക്സിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും; ആരോഗ്യമന്ത്രിയെ സഭയില്‍ തിരുത്തി മുഖ്യമന്ത്രി

ഗുണനിലവാരം ഉറപ്പാക്കിയാണ് വാക്‌സിന്‍ വാങ്ങുന്നത് എന്നായിരുന്നു ആരോഗ്യ മന്ത്രി സഭയില്‍ പറഞ്ഞത്.
Updated on
1 min read

സംസ്ഥാനത്തെ പേ വിഷബാധ മരണങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേവിഷബാധ വാക്സിന്റെ ​ഗുണനിലവാരത്തെ കുറിച്ച് പഠിക്കാൻ ആരോ​ഗ്യവകുപ്പ് വിദ​ഗ്ധ സമിതിയെ നിയോ​ഗിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. വാക്‌സിന്‍ ഗുണനിലവാരത്തെ ന്യായീകരിച്ച് കൊണ്ട് രംഗത്തെത്തിയ ആരോഗ്യ മന്ത്രിയുടെ വാദത്തെ തിരുത്തിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഈ വര്‍ഷം 20 പേര്‍ പേവിഷബാധ ബാധിച്ച് മരിച്ചു

ഗുണനിലവാരം ഉറപ്പാക്കിയാണ് വാക്‌സിന്‍ വാങ്ങുന്നത് എന്നായിരുന്നു ആരോഗ്യ മന്ത്രി സഭയില്‍ പറഞ്ഞത്. സംസ്ഥാനത്ത് പേവിഷബാധ കേസുകള്‍ വര്‍ധിക്കുന്നത് വളരെ പ്രധാന്യത്തോടെ കാണുന്നു. ഈ വര്‍ഷം 20 പേര്‍ പേവിഷബാധ ബാധിച്ച് മരിച്ചെന്നും ഇതില്‍ 15 പേരും വാക്സിന്‍ എടുത്തവരാണെന്നും മന്ത്രി പറഞ്ഞു. 15 പേരും വാക്‌സിന്‍ എടുത്തവരോ ഭാഗികമായി വാക്സിനെടുത്തവരോ ആണെന്നുമാണ് മന്ത്രി സഭയെ അറിയിച്ചത്. പേ വിഷബാധ മരണങ്ങള്‍ ജില്ലാ തലത്തില്‍ വിദഗ്ധ സമിതി പരിശോധിച്ചു. തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ശാസ്ത്രീയ സമിതി രൂപികരിച്ചെന്നും മന്ത്രി അറിയിച്ചു.

ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷം

ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തെരുവ് നായ വിഷയം പ്രതിപക്ഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിത്. സംസ്ഥാനത്ത് ദുഃഖകരമായ അവസ്ഥയാണ്, നായ മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ലാതായി മാറി. ആരോഗ്യ വകുപ്പിന്റെ കാര്യങ്ങള്‍ മാത്രമാണ് തദ്ദേശ വകുപ്പ് മന്ത്രി പറഞ്ഞത്. 22ാം തീയ്യതി ചോദിച്ച തെരുവു നായകളുടെ വന്ധ്യം കരണം സംബന്ധിച്ച ചോദ്യത്തിന് മറുപടി നടപടി സ്വീകരിച്ചു വരുന്നു എന്നാണ് അറിയിച്ചത്. ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നോട്ടീസിന് അനുമതി തേടി പ്രതിപക്ഷ അംഗം പികെ ബഷീര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാന്‍ കഴിയുന്നില്ല, പ്രഭാത സവാരിക്കും, മാര്‍ക്കറ്റിലും പോവാന്‍ പറ്റുന്നില്ല, നായ്ക്കളുടെ ശല്യമാണ്. എംഎല്‍എ ക്വാട്ടേഴ്‌സിലുള്‍പ്പെടെ ശല്യം രൂക്ഷമാണ് എന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചാബില്‍ തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടി കുഴല്‍കിണറില്‍ വീണ് മരിച്ചു. ഇത് കേരളത്തിലും സംഭവിക്കാം. രാജ്യത്ത് നായ്ക്കളുടെ ആക്രമണം നേരിടുന്ന രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. 20 പേര്‍ കേരളത്തില്‍ ഇതുവരെ മരിച്ചു. പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, തൃശ്ശൂരില്‍ ആദിവാസി വയോധിക എന്നിവരും മരിച്ചു. വാക്‌സിന്‍ എടുത്തവരാണ് ഇവരെല്ലാം.

പേ വിഷബാധ ഗൗരവമായി എടുക്കണം, വാക്‌സിന് ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ഗുണനിലവാരം ശ്രദ്ധിച്ചില്ല. കെഎംസിഎല്‍ നല്‍കിയ ഓര്‍ഡറിന് മറുപടിയായി കമ്പനി നല്‍കിയ മറുപടിയിയില്‍ ഗുണനിലവാരം ഉറപ്പ് നല്‍കുന്നില്ല. ഈ അരലക്ഷം ഡോസ് വാക്‌സിന്‍ പിന്‍വലിക്കേണ്ടിവന്നെന്നും ബഷീര്‍ ആരോപിച്ചു.

logo
The Fourth
www.thefourthnews.in