സ്‌കൂള്‍ പ്രവർത്തന സമയത്തില്‍ മാറ്റമില്ല; സമയമാറ്റം എന്നത് ആശയം മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ പ്രവർത്തന സമയത്തില്‍ മാറ്റമില്ല; സമയമാറ്റം എന്നത് ആശയം മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി

മതനിഷേധം എന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്നും മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാരിനില്ലെന്നും വി ശിവന്‍കുട്ടി
Updated on
1 min read

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവിലെ രീതി തുടരും. സമയമാറ്റം എന്നത് ആശയം മാത്രമാണെന്നും ഇത് ഒരു തീരുമാനമായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി നിയോഗിക്കപ്പെട്ട എം എ ഖാദര്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സമയ മാറ്റം ആവശ്യമാണെന്ന് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് ജനകീയാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ചര്‍ച്ചാ കുറിപ്പുകള്‍ മാത്രമാണെന്നും നിലപാട് രേഖയോ പാഠ്യപദ്ധതി ചട്ടക്കൂടുകളോ അല്ലെന്നും മന്ത്രി പറഞ്ഞു.

മതനിഷേധം എന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്നും മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാരിനില്ലെന്നും വി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ ജനാധിപത്യവും സുതാര്യമായ പാഠ്യപദ്ധതിയും നടപ്പാക്കുന്നതിനായി 26 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലിംഗപരമായ സവിശേഷതയാല്‍ ഒരു കുട്ടിയെയും മാറ്റി നിര്‍ത്താന്‍ പാടില്ല. ജെന്‍ഡര്‍ സാമൂഹ്യ നിര്‍മിതിയാണെന്നും സെക്‌സ് അഥവാ ലിംഗം എന്നത് ജൈവപരമാണെന്നും കുട്ടികള്‍ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് നല്‍കിവരുന്ന സവിശേഷ പരിഗണനയും സംരക്ഷണങ്ങളും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ വഴി ഇല്ലാതാകും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. മതനിഷേധം എന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്നും മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാരിനില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്‌സഡ് ബെഞ്ച് സര്‍ക്കാരിന്റെ ആലോചനയില്‍ ഇല്ല. ലിംഗ സമത്വ ആശയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ല.

ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്‌സഡ് ബെഞ്ച് സര്‍ക്കാരിന്റെ ആലോചനയില്‍ ഇല്ലെന്നും ലിംഗ സമത്വ ആശയങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും പറഞ്ഞ മന്ത്രി ചില തീവ്രവാദ സംഘടനകള്‍ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. യൂണിഫോം എന്ത് വേണമെന്നും മിക്‌സഡ് സ്‌കൂളിന്റെ കാര്യവും സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം നേരത്തെ നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കല്ലിനിടെ പാഠ്യപദ്ധതി പരിഷ്‌കണത്തിനെതിരെ മുസ്ലീംലീഗ് രംഗത്തെത്തി. സര്‍ക്കാര്‍ ചെലവില്‍ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന് ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞു. മതനിരപേക്ഷതയെ മതനിരാസമായി കാണരുത്. മിക്‌സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലുമൊന്നും സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

logo
The Fourth
www.thefourthnews.in