തെളിവില്ല; സോളാർ പീഡനക്കേസില്‍ ഹൈബി ഈഡന് ക്ലീന്‍ ചിറ്റ്
ഹൈബി ഈഡന്‍ എംപിക്കെതിരായ സോളാർ പീഡനക്കേസില്‍ തെളിവില്ലെന്ന് സിബിഐ കോടതിയില്‍ റിപ്പോർട്ട് നല്‍കി. തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് സാധിച്ചില്ല. അന്വേഷണത്തിലും തെളിവ് ലഭിച്ചില്ല. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. മറ്റു കേസുകളില്‍ അന്വേഷണം തുടരുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.
സോളാർ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലും ക്ലിഫ് ഹൗസിലുമെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം
സംസ്ഥാന സർക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ അന്വേഷണ റിപ്പോർട്ടാണ് കോടതിയില്‍ സമർപ്പിച്ചത്. മുന്‍ മുഖ്യമന്ത്രിയടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയായിരുന്നു സോളാർ കേസ് പ്രതിയുടെ പരാതി. സോളാർ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലും ക്ലിഫ് ഹൗസിലുമെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
നാല് വർഷത്തോളം കേരള പോലീസ് അന്വേഷിച്ച കേസാണിത്. പോലീസ് പ്രത്യേക സംഘത്തിനും ഹൈബിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. ഇതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. കേസ് സിബിഐയ്ക്ക് വിട്ടത് വലിയ വിവാദമായിരുന്നു. പരാതി വ്യാജമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യം മുതലേയുള്ള വാദം.