കെ എം ബഷീര്‍ വാഹനാപകട കേസ് ; വിടുതല്‍ ഹര്‍ജിയുമായി 
ശ്രീറാം വെങ്കിട്ടരാമന്‍, 
വഫയുടെ ഹര്‍ജിയില്‍ ഒക്ടോബര്‍ 14 ന് വിധി

കെ എം ബഷീര്‍ വാഹനാപകട കേസ് ; വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍, വഫയുടെ ഹര്‍ജിയില്‍ ഒക്ടോബര്‍ 14 ന് വിധി

മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹര്‍ജിയില്‍
Updated on
1 min read

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി വഫയുടെ വിടുതല്‍ ഹര്‍ജിയില്‍, വിധി പറയുന്നത് അടുത്തമാസം 14ലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും 14ന് പരിഗണിക്കും.

മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കൂ എന്നും ശ്രീറാം വിടുതല്‍ ഹര്‍ജിയില്‍ പറയുന്നു. ശ്രീറാമിന്റെ ശരീരത്തില്‍ നിന്ന് കെ എം ബഷീറിന്റെ രക്ത സാമ്പിളുകള്‍ ലഭിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ രണ്ടാം പ്രതി വഫ കോടതിയില്‍ ഹാജരായിരുന്നു. അപകടരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. ജോലി തിരക്ക് കാരണം ശ്രീറാമിന് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഇന്ന് ഹാജരാകാന്‍ സാധിക്കാത്തയാള്‍ എങ്ങനെ വിടുതല്‍ ഹര്‍ജിയില്‍ ഒപ്പിട്ടുവെന്ന് കോടതി ചോദിച്ചു, നേരത്തെ ഒപ്പിട്ടു നല്‍കിയെന്നാണ് അഭിഭാഷകന്‍ മറുപടി നല്‍കിയത്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ 1.30 ന് മദ്യ ലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്, മാധ്യമ പ്രവര്‍ത്തകനായ കെ. എം ബഷീര്‍ കൊല്ലപ്പെട്ടെന്നാണ് കേസ്. 100 കിലോമീറ്ററിലേറെ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഫെബ്രുവരിയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, തെളിവു നശിപ്പിക്കല്‍, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങളാണ് ശ്രീരാമിനെതിരെ ചുമത്തിയത്.

വിചാരണ തുടരവേ സര്‍വീസില്‍ തിരിച്ചെത്തിയ ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വിവാദമായിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് മാറ്റുകയും സിവില്‍ സപ്ലൈസ് ജനറല്‍ മാനേജരായി നിയമിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in