ബജറ്റില്‍ കിഫ്ബി ഉണ്ടായേക്കില്ല; ശുപാർശ ചെയ്യേണ്ടെന്ന്  എംഎല്‍എമാര്‍ക്ക് ധനമന്ത്രിയുടെ കത്ത്

ബജറ്റില്‍ കിഫ്ബി ഉണ്ടായേക്കില്ല; ശുപാർശ ചെയ്യേണ്ടെന്ന് എംഎല്‍എമാര്‍ക്ക് ധനമന്ത്രിയുടെ കത്ത്

കിഫ്ബിക്ക് പുറത്തുള്ള 20 പദ്ധതികള്‍ എംഎല്‍എമാര്‍ക്ക് ബജറ്റിലേക്ക് ശുപാര്‍ശ ചെയ്യാം
Updated on
1 min read

സംസ്ഥാന സര്‍ക്കാരിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കിഫ്ബി പദ്ധതികളുണ്ടാവാനിടയില്ല. ഇത്തവണ കിഫ്ബി പദ്ധതികളൊന്നും ബജറ്റിലേക്ക് ശുപാര്‍ശ ചെയ്യേണ്ടെന്ന് എംഎല്‍എമാര്‍ക്ക് അയച്ച കത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 2022 ഡിസംബര്‍ 21നാണ് ഇതുസംബന്ധിച്ച കത്ത് എംഎല്‍എമാര്‍ക്ക് നല്‍കിയത്.

കിഫ്ബി എടുത്ത വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇത് കിഫ്ബി ഫണ്ട് ശേഖരണത്തേയും കാര്യമായി ബാധിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കിഫ്ബി വഴി നടപ്പാക്കേണ്ടുന്ന പദ്ധതികളൊന്നും ഇത്തവണ ശുപാര്‍ശ ചെയ്യേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി തന്നെ എംഎല്‍എമാര്‍ക്ക് കത്തയച്ചത്.

ധനമന്ത്രിയുടെ കത്ത്
ധനമന്ത്രിയുടെ കത്ത്

കിഫ്ബി വഴിയുള്ള വിപുലമായ പദ്ധതി പ്രഖ്യാപനങ്ങള്‍ ഇത്തവണ ബജറ്റില്‍ ഉണ്ടാകില്ല. പുതിയ പ്രവൃത്തികള്‍, ഇതുവരെ ഭരണാനുമതി ലഭിക്കാത്ത പദ്ധതികള്‍ തുടങ്ങി കിഫ്ബിക്ക് പുറത്തുള്ള 20 പദ്ധതികള്‍ എംഎല്‍എമാര്‍ക്ക് ബജറ്റിലേക്ക് ശുപാര്‍ശ ചെയ്യാം. ജനുവരി 10 വരെയായിരുന്നു ഇതിനായി ധനവകുപ്പ് സമയം അനുവദിച്ചത്. കിഫ്ബിയില്‍ നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ മാത്രം മുന്‍ഗണന നല്‍കി മുന്നോട്ട് പോകാനാണ് ധനവകുപ്പ് തീരുമാനം.

ഒന്നാം പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ 50,000 കോടിയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുക എന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാലിതുവരെ 73,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ വായ്പയ്ക്ക് കിഫ്ബി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് വിലയിരുത്തി ധനവകുപ്പില്‍ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല.

logo
The Fourth
www.thefourthnews.in