ഇനി ക്യൂ നില്‍ക്കേണ്ട; കേരളത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 243  പ്രീമിയം മദ്യ ശാലകള്‍

ഇനി ക്യൂ നില്‍ക്കേണ്ട; കേരളത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 243 പ്രീമിയം മദ്യ ശാലകള്‍

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യ നയത്തിന്റെ ഭാഗമായി പൂട്ടിപോയ 68 ഷോപ്പുകള്‍ പുന:സ്ഥാപിക്കും.
Updated on
1 min read

ബീവറേജിന് മുന്നില്‍ ഇനി നീണ്ട ക്യൂ ഇല്ല. 243 പുതിയ പ്രീമിയം മദ്യശാലകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കി കേരള സര്‍ക്കാര്‍. 175 പുതിയ ഔട്ട്‌ലെറ്റുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി. നിലവില്‍ 267 ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യ നയത്തിന്റെ ഭാഗമായി പൂട്ടിപോയ 68 ഷോപ്പുകള്‍ പുനഃസ്ഥാപിക്കാനും തീരുമാനമായി. ഇതോടെ നിലവിലുള്ളതിന്റെ ഇരട്ടിയോളം ഔട്ട്‌ലെറ്റുകളാണ് തുറന്നു പ്രവര്‍ത്തിക്കുക.

ഓഗസ്റ്റ് ഒന്നിനു മുമ്പായി നിലവിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളും പ്രീമിയം ഔട്ട്‌ലെറ്റുകളാക്കി മാറ്റുമെന്നു മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൂട്ടിപ്പോയ മദ്യശാലകള്‍ തുറക്കുന്നതിനൊപ്പം പുതിയ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ കൂടി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ പുതുതായി തുറക്കുന്നത്, 28 എണ്ണം. തിരുവനന്തപുരത്ത് 27 ഉം. ഏറ്റവും കുറവ് കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിലും. ഏഴെണ്ണം വീതം.

മദ്യം വാങ്ങാന്‍ എത്തുന്നവര്‍ കന്നുകാലികളല്ലെന്നും, വാങ്ങാന്‍ എത്തുന്നവര്‍ പരിഹാസത്തിന് പാത്രമാവരുതെന്നുമുളള ഹൈക്കോടതി പരാമര്‍ശത്തിന്റെ ചുവടുപിടിച്ചാണ് പുതിയ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കം. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലുള്ള നീണ്ട ക്യൂ അവസാനിപ്പിക്കണമെന്നും ആവശ്യക്കാര്‍ക്ക് മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

നിലവിലുളളതും വരാന്‍ പോകുന്നതുമായ പുതിയ ഔട്ട്‌ലെറ്റുകള്‍

  • തൃശൂര്‍ 23 - 28

  • തിരുവനന്തപുരം 33 - 27

  • ആലപ്പുഴ 20 - 25

  • കൊല്ലം 30 - 24

  • എറണാകുളം 37 - 20

  • പാലക്കാട് 21 - 20

  • കോഴിക്കോട് 11 - 18

  • കണ്ണൂര്‍ 11 - 16

  • കോട്ടയം 24 - 15

  • മലപ്പുറം 8 - 15

  • ഇടുക്കി 20 - 13

  • വയനാട് 6 - 8

  • പത്തനംതിട്ട 15 - 7

  • കാസര്‍ഗോഡ് 8 - 7

പുതിയ ഔട്ട്‌ലെറ്റുകള്‍ക്കു സ്ഥലസൗകര്യം കണ്ടെത്തുകയെന്നതാണ് ബീവറേജസ് കോര്‍പറേഷന്‍ നേരിടുന്ന വെല്ലുവിളി. മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ കുറഞ്ഞത് 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയം കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നാണ് ബെവ്‌കൊ അറിയിച്ചിരിക്കുന്നത്.

മദ്യ വര്‍ജ്ജനത്തിലൂന്നിയതായിരിക്കും മദ്യ നയമെന്ന് വ്യക്തമാക്കി അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ കൂടുതല്‍ ബാറുകള്‍ക്ക് അനുമതിനല്‍കിയതിനൊപ്പം 243 ബെവ്‌കൊ ഔട്ട്‌ലെറ്റുകള്‍ക്കൂടി അനുവദിക്കുന്നതിനെതിരെ വരും ദിവസങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധത്തിനുളള സാധ്യതയും നിലനില്‍ക്കുന്നു

logo
The Fourth
www.thefourthnews.in