സിപിഎം കണ്ണുരുട്ടി;
ഇത്തവണ മുസ്ലീം വിലക്കില്ല

സിപിഎം കണ്ണുരുട്ടി; ഇത്തവണ മുസ്ലീം വിലക്കില്ല

സിപിഎമ്മിന് വലിയ ഭൂരിപക്ഷമുള്ള സമിതിയായായിട്ടും മുസ്ലീം സമുദായത്തിന് വിലക്കേർപ്പെടുത്തുന്ന ബോ‍ർഡ് ഇക്കാലം വരെ മാറ്റാൻ കഴിയാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.
Updated on
2 min read

വർഷങ്ങളായി ഉത്സവ കാലത്ത് മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച് വിവാദത്തിലായ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മല്ലിയോട്ട് പാലോട്ട് കാവിൽ ഈ ഉത്സവവേളയിൽ ആ ബോ‍ർഡ്  ഉണ്ടാവില്ല. ക്ഷേത്ര സ്ഥാനികനാണ് ബോർഡ് തൂക്കരുതെന്ന നിർദേശം നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച സംക്രമ അടിയന്തിരവുമായി ബന്ധപ്പെട്ട് നടന്ന നാല് ഊരിലെയും വാല്യക്കാർ പങ്കെടുത്ത യോഗത്തിലാണ് വിവാദ ബോർഡ് വേണ്ടെന്ന നിർദേശം നൽകിയത്. നാട്ടിലെ മതേതര സ്വഭാവം ഇല്ലാതാക്കുന്ന ബോർഡിനെതിരെ വലിയ വിമർശനം സമൂഹത്തിന്റെ പല കോണിൽ നിന്നും ഉയർന്നിരുന്നു.

തീയ്യ സമുദായത്തിന് കീഴിലുള്ളതാണ് മല്ലിയോട്ട് പാലോട്ട് കാവ്. നിലവിൽ  ഷിജു മല്ലിയോടനാണ് ക്ഷേത്ര സ്ഥാനികൻ. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ചർച്ച ആയിട്ടും മുൻ വർഷവും ബോർഡ് മാറ്റാൻ ക്ഷേത്ര ഭാരവാഹികൾ തയ്യാറായിരുന്നില്ല. സിപിഎം പാർട്ടി അംഗങ്ങളും അനുഭാവികളുമാണ് ക്ഷേത്ര സമിതിയിൽ ഉളളത്. എന്നിട്ടും വിവാദ ബോർഡ് പതിവായി വയ്ക്കുന്നത് സിപിഎമ്മിന് അവമതിപ്പുണ്ടാക്കുന്ന സാഹചര്യത്തിൽ പാ‍ർട്ടി ഇടപെട്ടാണ് ഇക്കുറി ബോർഡ് നീക്കാൻ നിർദേശം നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു പ്രതികരണത്തിനും തയ്യാറല്ലെന്ന് സ്ഥാനികരും സമിതിയും വ്യക്തമാക്കുന്നു. എന്തുകൊണ്ട് ഇത്തരമൊരു ബോർഡ് വച്ചുവെന്നതിന് പണ്ട് മുതൽ ഉണ്ടായിരുന്നതാണെന്നും മറ്റ് കാര്യങ്ങൾ പറയാൻ കഴിയില്ലെന്നുമായിരുന്നു സ്ഥാനികൻ ഷിജു മല്ലിയോടന്‍റെ പ്രതികരണം. സ്ഥാനികന് മാത്രമായി നിലപാട് എടുക്കാൻ കഴിയില്ലെന്നും ഭൂരിപക്ഷമാളുകളുടെയും അഭിപ്രായം കൂടി കണക്കിലെടുത്താണ് തീരുമാമെന്നും ഷിജു മല്ലിയോടൻ വ്യക്തമാക്കി. ഒന്നും പ്രതികരിക്കാനില്ലെന്നാണ് സമിതി അംഗങ്ങളുടെയും നിലപാട്.

ക്ഷേത്ര ഉത്സവം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി അഞ്ചിന് വിളിച്ചു ചേർത്ത ആദ്യ ക്ഷേത്ര കമ്മിറ്റിയിൽ  ഈ വിഷയത്തെകുറിച്ച് വലിയ തർക്കങ്ങൾ ഉടലെടുത്തിരുന്നു.  വൻ പോലീസ് സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. സിപിഎമ്മിന്‍റെ നേതൃത്വത്തിന്‍റെ ഇടപെലിനെ ഒരു വിഭാഗം ചോദ്യം ചെയ്യുകയും ചെയ്തു.  പിന്നീട് പ്രാദേശിക സിപിഎം ഘടകത്തിലും ഈ വിഷയം ചർച്ചകൾക്ക് വഴിവച്ചു. എന്തുവന്നാലും ഇക്കുറി ബോർഡ് പാടില്ലെന്ന കർശന നിർദേശം പാർട്ടി   നൽകുകയും ഫെബ്രുവരി 13ന് ചേർന്ന യോഗത്തിൽ സ്ഥാനികൻ തന്നെ ബോ‍ർഡ് നീക്കണമെന്ന് അറിയിക്കുകയുമായിരുന്നു.

ഏപ്രില്‍ മാസത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. മത്സ്യാവതാര വിഷ്ണു ക്ഷേത്രമായ മല്ലിയോട്ട് പാലോട്ട് കാവ് ഉത്തര കേരളത്തിലെ  തീയ്യ സമുദായ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ്. സിപിഎമ്മിന് വലിയ ഭൂരിപക്ഷമുള്ള സമിതിയായായിട്ടും പേരെടുത്ത് മുസ്ലീം സമുദായത്തിന് വിലക്കേർപ്പെടുത്തുന്ന ബോ‍ർഡ് സ്ഥാപിച്ച് വരുന്നത് ഇക്കാലം വരെ മാറ്റാൻ കഴിയാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം മാത്രം ബാക്കിയാവുന്നു.

logo
The Fourth
www.thefourthnews.in