എകെജി സെന്റര്‍ ആക്രമണത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും ഇരുട്ടിൽത്തപ്പി പോലീസ്
എകെജി സെന്റർ ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കുറ്റവാളിയെ കണ്ടെത്താനാകാതെ അന്വേഷണസംഘം. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ശാസ്ത്രീയ പരിശോധനയിലൂടെ കേസിൽ തുമ്പുണ്ടാക്കാനാണ് പോലീസിന്റെ പുതിയ നീക്കം. ഇതിനായി ആക്രമണം നടന്ന രാത്രിയിലെ സിസിടിവി ദൃശ്യങ്ങൾ സിഡാക്കിന് കൈമാറി. സിഡാക്കിലെ പരിശോധനയിലൂടെ വാഹനനമ്പർ കണ്ടെത്തി പ്രതിയിലേക്ക് എത്താമെന്ന അവസാന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സിസിടിവി ദൃശ്യങ്ങൾ അവ്യക്തമായതിനാലാണ് ശാസ്ത്രീയ പരിശോധനയിലേക്ക് പോലീസ് നീങ്ങുന്നത്.
പോലീസ് അന്വേഷണം ഇതുവരെ
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇതുവരെ നടന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ ഡി കെ ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ അന്വേഷണസംഘം പ്രതിയിലേക്ക് എത്താത്തതിൽ ഉന്നത ഉദ്യോഗസ്ഥരും അതൃപ്തിയിലാണ്. അന്വേഷണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പോലീസ് തലപ്പത്തുള്ളവർ അതൃപ്തി പ്രകടിപ്പിച്ചു.
അക്രമിയെത്തിയ ചുവന്ന സ്കൂട്ടറിന് സമാനമായ വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുന്നുണ്ട് . സിസിടിവി ദൃശ്യത്തിലേതിന് സമാനമായ മോഡൽ വാഹനമുള്ള ആയിരക്കണക്കിന് പേരുടെ വിവരം ഇതുവരെ പോലീസ് ശേഖരിച്ചു. മോട്ടോർ വാഹനവകുപ്പിന്റേയും വാഹനവിതരണ കമ്പനികളുടേയും സഹായത്തോടെയായിരുന്നു ഇത്. എന്നിട്ടും അക്രമിയിലേക്ക് എത്താനായില്ല. എകെജി സെന്ററിന് സമീപത്തെ വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലെയും 50 ലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല.
ഇപ്പോൾ പോലീസ് പ്രതിയെന്ന് സംശയിക്കുന്നത് സ്ഫോടകവസ്തു എറിഞ്ഞയാളെ മാത്രമാണ്
ആദ്യഘട്ടത്തിൽ ആക്രമണത്തിന് പിന്നിൽ ഒന്നിലേറെ പേർക്ക് പങ്കുണ്ടെന്ന് പറഞ്ഞ പോലീസ് ഇപ്പോൾ പ്രതിയെന്ന് സംശയിക്കുന്നത് സ്ഫോടകവസ്തു എറിഞ്ഞയാളെ മാത്രമാണ്. സംഭവത്തിനു തൊട്ടുമുമ്പ് എകെജി സെന്‍ററിന് സമീപം സ്കൂട്ടർ നിർത്തി മടങ്ങിയയാളെ സംശയിച്ചെങ്കിലും, അത് പ്രദേശത്തെ തട്ടുകടയിലെ തൊഴിലാളിയാണെന്ന് പിന്നീട് വ്യക്തമായി.ആക്രമണം നടക്കുന്നതിന് മുൻപും ശേഷവും നടന്ന ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിച്ച്, മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സൂചനകൾ ലഭിച്ചില്ല. ഇതുവരെ മൂന്ന് ടവറുകളിലെ ആയിരത്തിലേറെ ഫോൺകോൾ വിശദാംശങ്ങൾ പരിശോധിച്ച് കഴിഞ്ഞു.
അതിനിടെ എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേയ്സ്ബുക്ക് പോസ്റ്റിട്ട അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ റിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷെ സ്ഫോടക വസ്തു എറിഞ്ഞതില്‍ ഇയാളുടെ പങ്കൊന്നും കണ്ടെത്താന്‍ പോലീസിനായില്ല.
ബോംബിൽ തുടങ്ങി നാടൻ ഏറുപടക്കം വരെ
എകെജി സെന്ററിന് നേരെ ബോംബാക്രമണം എന്നാണ് ആദ്യം പുറത്തുവന്ന വാർത്തകൾ. പോലീസും സിപിഎം നേതാക്കളും പ്രതികരിച്ചത് ബോംബാക്രമണം എന്ന രീതിയിൽ തന്നെ. പിന്നീട് സ്ഫോടകശേഷി കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് ആക്രമണമുണ്ടായതെന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫോറൻസിക് റിപ്പോർട്ട് വന്നതോടെ ഇതെല്ലാം മാറി മറിഞ്ഞു. വലിയ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയില്ലാത്ത, ഏറുപടക്കത്തിന് സമാനമായ സ്ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ശാസ്ത്രീയ പരിശോധന ഫലം.
ആക്രമണത്തിൽ സിപിഎം ബന്ധം ആരോപിച്ച് പ്രതിപക്ഷം
പ്രതിയെ പിടികിട്ടാത്തതല്ല, പിടികൂടാത്തതാണെന്നാണ് പ്രതിപക്ഷ ആരോപണം. ആക്രമണത്തിൽ സിപിഎം ബന്ധമുണ്ടോ എന്ന സംശയമാണ് പ്രതിപക്ഷ നേതാക്കളെല്ലാം ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ തുടങ്ങിയ വിവാദങ്ങള്‍ പ്രതിരോധിക്കാനുള്ള സിപിഎം നാടകമായിരുന്നു എകെജി സെന്റർ ആക്രണമെന്ന് പ്രതിപക്ഷ നേതാക്കൾ ചാനൽ ചർച്ചകളിലെല്ലാം ആരോപിക്കുന്നു. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിന് പിന്നിലെന്നും അവർ ആരോപിക്കുന്നു. ആക്രമണത്തിലെ പോലീസ് വീഴ്ച പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിലും ഇതുവരെ തുടർ നടപടി ഉണ്ടായില്ല. സന്ദീപ് ചൈതന്യയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം പോലെ എകെജി സെന്റർ ആക്രമണവും തുമ്പില്ലാതെ തേയ്ച്ച് മായ്ച്ച് കളയാനാണ് സിപിഎം ശ്രമമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.