കേരളാ ഹൈക്കോടതി
കേരളാ ഹൈക്കോടതി

'സുരക്ഷയുടെ പേരില്‍ സിസിടിവി സ്ഥാപിച്ച് അയൽവാസികളെ നിരീക്ഷിക്കാനാവില്ല'; ഹൈക്കോടതി

പോലീസ് മേധാവി ഉചിതമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്ന് കോടതി
Updated on
1 min read

സുരക്ഷയ്ക്ക് വേണ്ടിയെന്ന പേരില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അയല്‍വാസികളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ആരേയും അനുവദിക്കരുതെന്ന് ഹൈക്കോടതി. സുരക്ഷയ്ക്ക് വേണ്ടി ഇത്തരത്തില്‍ സിസിടിവി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നുമാണ് കോടതി നിര്‍ദേശം.

തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന വിധം അയല്‍വാസി സിസിടിവി ക്യാമറ സ്ഥാപിച്ചെന്നാരോപിച്ച് എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിനിയായ ആഗ്നസ് മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. ഹര്‍ജിക്കാരിയുടെ അയല്‍വാസിയായ രാജു ആന്റണി, ചേരാനെല്ലൂര്‍ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നോട്ടീസ് നല്‍കാനും ഉത്തരവില്‍ പറയുന്നു. ഹര്‍ജിയുടെ പകര്‍പ്പ് ഡിജിപിക്ക് നല്‍കണമെന്നും ഈ വിഷയത്തില്‍ കോടതി പ്രകടിപ്പിച്ച ഉത്കണ്ഠ ഡിജിപിയെ അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി ഒരുമാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കാനായി മാറ്റി.

വീടിന് സമീപത്തായി സ്ഥാപിച്ചിട്ടുള്ള സിസിടിവി സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരി കോടതിയെ സമീപിച്ചത്. സുരക്ഷയ്ക്ക് വേണ്ടി അയല്‍വാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തില്‍ ഡിജിപി മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു. ഡിജിപിയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു.

logo
The Fourth
www.thefourthnews.in