അഭിജിത് ബാനര്‍ജി ബിനാലെ സന്ദർശിക്കുന്നു
അഭിജിത് ബാനര്‍ജി ബിനാലെ സന്ദർശിക്കുന്നു

''കലാസ്വാദനത്തില്‍ വികസ്വര രാഷ്ട്രങ്ങളുടെ ഉന്മേഷം പ്രകടം''; കൊച്ചി ബിനാലെ സന്ദര്‍ശിച്ച് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി

കലാവബോധത്തില്‍ വികസ്വര രാഷ്ട്രങ്ങളിലുണ്ടായ പുത്തനുണര്‍വ് ബിനാലെയില്‍ പ്രകടമായിരുന്നു. അത് ഈ ബിനാലെയുടെ പ്രധാനപ്പെട്ട സവിശേഷതയുമാണ്.
Updated on
1 min read

ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഓഷ്യാനിയ മേഖലകളിലെ രാജ്യങ്ങളുടെ കല വബോധത്തിലും ആവിഷ്‌കാരത്തിലും പ്രകടമാകുന്ന നവോന്മേഷം കൊച്ചി മുസിരിസ് ബിനാലെയിലെ സമാനതകളില്ലാത്ത അനുഭവമാണെന്ന് സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. കലാവബോധത്തില്‍ വികസ്വര രാഷ്ട്രങ്ങളിലുണ്ടായ പുത്തനുണര്‍വ് ബിനാലെയില്‍ പ്രകടമായിരുന്നു. അത് ഈ ബിനാലെയുടെ പ്രധാനപ്പെട്ട സവിശേഷതയുമാണ്. തങ്ങള്‍ ഓരത്തേക്ക് ഒതുക്കപ്പെടേണ്ടവരല്ലെന്നും ലോകത്തിന്റെ മുന്‍ നിരയില്‍ തന്നെ ഇടം കണ്ടെത്തേണ്ടവരാണെന്ന് അവര്‍ തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

പെറു, മെക്‌സിക്കോ, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ കലാകാരന്മാരുടെ സൃഷ്ടികളില്‍ അതാതിടങ്ങളില്‍ ഉരുത്തിരിയുന്ന പുതിയ ആശയങ്ങളും വ്യാഖ്യാനങ്ങളും പ്രകാശിതമാകുന്നുണ്ട്. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനവുമാണ്. അതുപോലെ ബിനാലെ പോലുള്ള കലാമേളകള്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് പ്രസക്തമാണ്. കലയില്‍ യൂറോപ്പിന്റെയും അമേരിക്കയുടെയും അധീശത്വമെന്നത് ചരിത്ര സംബന്ധിയായി മാത്രമാണ്. അല്ലാതെ അത് കലാനിര്‍മ്മിതിയുടെ മൂല്യമോ മേന്മയോ കൊണ്ടല്ല. യൂറോപ്യന്‍ കലാസൃഷ്ടിയെക്കാളും പെറുവില്‍ നിന്നുള്ള ആവിഷ്‌കാരം നമ്മളില്‍ ചലനമുണ്ടാക്കുന്നുണ്ട്.

ഒരു ഇന്ത്യക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്നും ബിനാലെ സന്ദര്‍ശിക്കാനായതില്‍ കൃതാര്‍ത്ഥനാണെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. ആസ്പിന്‍വാള്‍ ഹൗസില്‍ ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അദ്ദേഹത്തെ സ്വീകരിച്ചു.

logo
The Fourth
www.thefourthnews.in