കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം: ഗവർണർക്ക് ഹൈക്കോടതി നോട്ടീസ്
കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങളുടെ നാമനിർദേശവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതി നോട്ടീസ്. സെനറ്റിലേക്ക് വൈസ് ചാൻസലർ തയാറാക്കിയ പട്ടികക്ക് പുറത്തുനിന്നുള്ള വരെ ഉൾപ്പെടുത്തി ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ പി വി കുട്ടൻ, ദാമോദർ അവനൂർ എന്നിവർ നൽകിയ ഹർജി പരിഗണിച്ച ജസ്‌റ്റിസ് വിജു എബ്രഹാമാണ് ഗവർണർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടത്.
സർവകലാശാലകളിൽ സെനറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ചാൻസലർ സർക്കാറിനോട് പട്ടിക ആവശ്യപ്പെടുകയും ചാൻസലർ അത് അംഗീകരിച്ച് ഉത്തരവിടുകയുമാണ് ചെയ്യാറ്. എന്നാൽ, കാലിക്കറ്റിൽ വൈസ് ചാൻസലറോടാണ് പട്ടിക ആവശ്യപ്പെട്ടത്. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള ഓരോരുത്തരുടെ പട്ടിക വി സി നൽകി. തുടർന്ന് ചാൻസലറുടെ ഓഫീസ് മൂന്നു പേടങ്ങുന്ന പാനൽ ആവശ്യപ്പെടുകയും നൽകുകയും ചെയ്‌തു. അതിൽ നിന്ന് രണ്ടു വിദ്യാർഥി പ്രതിനിധികളെ ഒഴിവാക്കി നൽകണമെന്ന ആവശ്യപ്പെടുകയും മാറ്റി നൽകുകയും ചെയ്‌തു. തുടർന്ന് വി സി തയാറാക്കിയ പട്ടികയിൽനിന്ന് രണ്ട് പേർ ഒഴികെയുള്ളവരെ ഒഴിവാക്കി ചാൻസലർക്ക് താൽപ്പര്യമുള്ളവരെ ഉൾപ്പെടുത്തി പുതിയ പട്ടിക തയറാക്കുകയായിരുന്നു.
മാധ്യമപ്രവർത്തകരുടെ മണ്ഡലത്തിൽനിന്ന് വി സിയുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഹരജിക്കാരനായ കുട്ടൻ. പകരം സ്വകാര്യ ജേർണലിസം കോളജ് ഡയറക്ടറും ബിജെപി പ്രവർത്തകനുമായ എ കെ അനുരാജിനെയാണ് പട്ടികയിൽ ചാൻസലർ ഉൾപ്പെടുത്തിയതെന്ന് ഹർജിയിൽ പറയുന്നു.