മുഖ്യമന്ത്രിയുടെ വിദേശ യാത്ര; വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി നോര്‍ക്ക റൂട്ട്സ്

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി നോര്‍ക്ക റൂട്ട്സ്

ആരോഗ്യ-ആരോഗ്യേതര മേഖലയില്‍ നിന്നുള്ള 3000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു കെ യിലേയ്ക്ക് തൊഴില്‍ സാധ്യത തെളിയുമെന്ന് നോര്‍ക്ക റൂട്ട്സ്
Updated on
2 min read

കേരളത്തിലെ ആരോഗ്യമേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതാണ് കഴിഞ്ഞ ദിവസം ലണ്ടനില്‍ ഒപ്പുവെച്ച ധാരണാപത്രമെന്ന് നോര്‍ക്ക റൂട്ട്സ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര മേഖലകളില്‍ നിന്നുള്ള 3000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.കെ യിലേയ്ക്ക് തൊഴില്‍ സാധ്യത തെളിയുമെന്നും നോര്‍ക്ക വ്യക്തമാക്കി.

കേന്ദ്രാനുമതി ഇല്ലാതെ സ്വകാര്യസ്ഥാപനവുമായാണ് നോര്‍ക്ക ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്നും, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം നടത്താന്‍ നിലവില്‍ സാഹചര്യം ഉണ്ടെന്നിരിക്കേ, പ്രസ്തുത ധാരണാപത്രത്തിന് പ്രസക്തിയില്ല എന്നുമുള്ള വിമര്‍ശനത്തിന് പിന്നാലെയായിരുന്നു നോര്‍ക്കയുടെ വിശദീകരണം.

എമിഗ്രേഷന്‍ ആക്റ്റ് 1983 പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍ സ് അനുവദിച്ച രാജ്യാന്തര റിക്രൂട്ട്മെന്റ് ലൈസന്‍സുളള ഏജന്‍സിയാണ് നോര്‍ക്ക റൂട്ട്സെന്നും, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് ഇതുവഴി കമ്പനികളുമായോ, സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുമായോ നിയമപരമായ റിക്രൂട്ട്‌മെന്റ് കരാറുകളില്‍ ഏര്‍പ്പെടാനാകുമെന്നും നോര്‍ക്ക അറിയിച്ചു. ഇരു രാജ്യങ്ങളിലേയും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെടുന്ന റിക്രൂട്ട്മെന്റ് കരാറായതിനാല്‍ തന്നെ കരട് ധാരണാപത്രത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നേരത്തേ വാങ്ങിയെന്നും, വിദേശ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നോര്‍ക്ക റൂട്ടസ് ധാരണാപത്രം അന്തിമമാക്കിയിട്ടുളളതെന്നും നോര്‍ക്ക വ്യക്തമാക്കി.

സമാനതകളില്ലാത്ത റിക്രൂട്ട്മെന്റ് സാധ്യതകളാണ് ധാരാണാപത്രം വഴി യാഥാര്‍ത്ഥ്യമാവുന്നത്. 2022 ജൂലൈ 1 ന് നിലവില്‍ വന്ന ഐസിബി യുമായി ഇന്ത്യയില്‍ ആദ്യമായി റിക്രൂട്ട്മെന്റ് കരാറിലേര്‍പ്പെടുന്നത് നോര്‍ക്കാ റൂട്ട്സാണ്. നഴ്സുമാര്‍ക്കു മാത്രമല്ല ആരോഗ്യമേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും യു.കെ കുടിയേറ്റം സാധ്യമാക്കുന്ന വ്യവസ്ഥാപരമായ റിക്രൂട്ട്മെന്റ് രീതിയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി ഇതോടെ തുടക്കമാകുന്നതെന്നും നോര്‍ക്ക വ്യക്തമാക്കി.

കരാറിന്റെ പുരോഗതിയ്ക്കനുസരിച്ച് യു.കെ യിലെ മറ്റ് 41 കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകള്‍ വഴിയും റിക്രൂട്ട്മെന്റിനുളള സാധ്യതയും ഭാവിയില്‍ നോര്‍ക്ക റൂട്ട്സിന് ലഭിച്ചേയ്ക്കാമെന്നും, നഴ്‌സിങ് ഇതര റിക്രൂട്‌മെന്റ് സാധ്യതകള്‍ക്കും ആരോഗ്യ രംഗത്തുള്ള പരസ്പര സഹകരണത്തിനും ഈ കരാര്‍ വഴിവെയ്ക്കുമെന്നും നോര്‍ക്ക അറിയിച്ചു. യു.കെ യിലേയ്ക്കുളള നഴ്സിങ്ങ് റിക്രൂട്ട്മെന്റിന് നിലവില്‍ തന്നെ സാധ്യതകളുണ്ട്. എന്നാല്‍ നോര്‍ക്ക റൂട്ട്സ് വഴി മാത്രമേ യു.കെയിലേയ്ക്ക് നഴ്സിങ്ങ് റിക്രൂട്ട്മെന്റ് സാധ്യമാകൂ എന്നതരത്തില്‍ ഒരു അവകാശവാദവും നോര്‍ക്ക ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. പുതിയ കരാർ പ്രകാരം നഴ്സിങ്ങ് പ്രൊഫഷണലുകള്‍ക്ക് മാത്രമല്ല ആരോഗ്യ, ഇതര മേഖലയിലെ മറ്റ് പ്രൊഫഷണലുകള്‍ക്കും യു.കെ യില്‍ ജോലി സാധ്യത ഉറപ്പു വരുത്തുന്നുവെന്നും നോര്‍ക്ക അറിയിച്ചു.

മാത്രമല്ല, അഭിമുഖത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് ഭാഷാപരിചയം വ്യക്തമാക്കുന്ന ഒഇറ്റി, ഐഇഎല്‍റ്റിഎസ് പരീക്ഷകള്‍ ഇല്ലാതെ തന്നെ ഉപാധികളോടെ, ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നതിനും നോര്‍ക്ക റൂട്ട്സ് വഴി അവസരമുണ്ട്. ഓഫര്‍ ലെറ്റര്‍ ലഭിച്ചശേഷം യോഗ്യത നേടിയാല്‍ മതിയാകുമെന്നും നോര്‍ക്ക അറയിച്ചു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അര്‍ഹമായ പരിഗണനയും ലഭ്യമാക്കും. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ നോര്‍ക്ക പൂതുതായി ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാംഗ്വേജ് മുന്‍കൈയെടുക്കും.

ബി എസ് സി നഴ്‌സിങ്ങ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഇറ്റി, ഐഇഎല്‍റ്റിഎസ് പരീക്ഷകളില്‍ മതിയായ സ്‌കോര്‍ ഇല്ലെങ്കില്‍പ്പോലും യു.കെ യില്‍ സീനിയര്‍ കെയറര്‍ തസ്തികയില്‍ ജോലി ലഭിക്കാന്‍ നിലവില്‍ തന്നെ അവസരമുണ്ട് എന്നാല്‍ ഈ അവസരം ചൂഷണം ചെയ്ത് ലക്ഷങ്ങളാണ് അനധികൃത ഏജന്റുമാര്‍ ഈടാക്കി വരുന്നത്. ഈ പ്രവണതയ്ക്ക് തടയിടാന്‍ കൂടിയാണ് നോര്‍ക്ക ശ്രമിക്കുന്നത്.

സാധാരണക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചൂഷണത്തില്‍ നിന്നും ഒരു പരിധി വരെ മോചിതരാകാന്‍ പുതിയ കരാറിലൂടെ കഴിയുമെന്നും നോര്‍ക്ക വ്യക്തമാക്കി. നാവിഗോ അടക്കമുള്ള ധാരാളം സ്ഥാപനങ്ങള്‍ ഈ യോഗ്യത ഉളളവരാണ്. ഇതുവഴി സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് അധിക യോഗ്യത നേടാതെ തന്നെ യു.കെ യിലേയ്ക്ക് പോകാന്‍ കഴിയും. നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടര്‍ന്ന് പ്രതിവര്‍ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഇവന്റുകളും ഈ ധാരണാപത്രത്തിന്റെ നേട്ടമാണെന്നും നോര്‍ക്ക അറിയിച്ചു.

logo
The Fourth
www.thefourthnews.in