എല്‍ദോസ് കുന്നപ്പിള്ളില്‍
എല്‍ദോസ് കുന്നപ്പിള്ളില്‍

അന്വേഷണവുമായി സഹകരിക്കുന്നില്ല; എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

എല്‍ദോസ് കുന്നപ്പിള്ളിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
Updated on
1 min read

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. എല്‍ദോസ് കുന്നപ്പിള്ളിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. അന്വേഷണവുമായി എംഎല്‍എ സഹകരിക്കുന്നില്ലെന്നും കൂടൂതല്‍ തെളിവെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. വധശ്രമത്തിനും ബലാത്സംഗത്തിനും തെളിവുകളുണ്ടെന്നും അത് പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി ജാമ്യം നല്‍കിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നപ്പിള്ളിലിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി എംഎല്‍എ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരിയായ അധ്യാപിക ഉന്നയിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് എംഎല്‍എയ്‌ക്കെതിരെ പോലീസ് ആദ്യം കേസ് എടുത്തത്. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമം, വധശ്രമം എന്നീ വകുപ്പുകള്‍ കൂടി ചുമത്തുകയായിരുന്നു.

പീഡന ആരോപണത്തില്‍ കേസെടുത്തതിന് ശേഷം ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷമാണ് പൊതുസമൂഹത്തിന് മുന്നിലെത്തിയത്. കേസിന് പിന്നാലെ എംഎല്‍എയെ കെപിസിസി അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ആറ് മാസത്തേക്ക് കെപിസിസി, ഡിസിസി പരിപാടികളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ട്.

logo
The Fourth
www.thefourthnews.in