സജീവ രാഷ്ട്രീയത്തിലേക്കില്ല, തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം : അച്ചു ഉമ്മന്‍
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ചാണ്ടി ഉമ്മൻ യോഗ്യത ഉള്ളയാളാണെന്നും നിലവിൽ രാഷ്ട്രീയ ചർച്ചകൾക്ക് ഇല്ലെന്നും അച്ചു ഉമ്മൻ കോട്ടയത്ത് പറഞ്ഞു.
''ഉമ്മൻ ചാണ്ടിയുടെ മകൾ ആയാണ് ജീവിച്ചത്. ആ ലേബലിൽ തന്നെ ജീവിച്ച് മരിക്കും,'' അച്ചു ഉമ്മന്‍ പറഞ്ഞു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ ഒഴിവാക്കണമായിരുന്നു എന്നു പറഞ്ഞ അച്ചു ഉമ്മൻ, പാർട്ടി തീരുമാനങ്ങൾ കുടുംബത്തിന് കിട്ടിയ അംഗീകാരമാണെന്നും ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ആൾ സ്ഥാനാർഥിയായി വരണമെന്നാണ് ആഗ്രഹമെന്നും കൂട്ടിച്ചേർത്തു. ഉമ്മന്‍ ചാണ്ടികഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍, തന്‍റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.
''അപ്പ ചടങ്ങുകളിലൊക്കെ പങ്കെടുക്കുന്ന സമയത്ത് വലിയ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. അപ്പ പോകുന്നിടത്തെല്ലാം ആൾക്കൂട്ടം ഉണ്ടാകാറുണ്ട്. ആൾക്കൂട്ടത്തിനിടയിലായിരുന്നു എപ്പോഴും ഉമ്മൻചാണ്ടി. എന്നാൽ അപ്പയുടെ യാത്രയയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസിൽ ആഴത്തിലിറങ്ങിയ സ്നേഹമാണ് ഉമ്മൻചാണ്ടിയോടുള്ളത് എന്ന് മനസിലാക്കാൻ പറ്റിയത്. പാതിരായ്ക്കും വെളുപ്പിനും കൈക്കുഞ്ഞുങ്ങളുമായും രോഗികളായവരും വാർധക്യത്തിലെത്തിയവരും എല്ലാവരും വന്നു നിൽക്കുകയാണ്. ജനങ്ങളാണ് നില്‍ക്കുന്നത്. അത് കണ്ടപ്പോഴാണ് അപ്പ ജനമനസ്സിൽ എത്രമാത്രം ഉണ്ടെന്ന് മനസിലായത്,'' അച്ചു ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ പെട്ടയാൾ തന്നെയാകും സ്ഥാനാർഥിയെന്നും എന്നാൽ ചാണ്ടി ഉമ്മനാണെന്ന് കാര്യത്തിൽ തീരുമാനം എടുത്തില്ലെന്നും ഇന്ന് രാവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയികുന്നു. ഇതു സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായും നാളെ നടക്കുന്ന അനുസ്മരണ പരിപാടിക്ക് ശേഷം കുടുംബവുമായി സംസാരിക്കുമെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. പ്രസ്താവന ചര്‍ച്ചയായതോടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലെ ഒരാള്‍ മത്സരിക്കുമെന്ന് പറഞ്ഞില്ലെന്നും കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.