കെഎൽഎഫിന് ക്ഷണിച്ചില്ല; സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച് എസ് ജോസഫ്
കവി എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് എസ് ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കേരളത്തിലുള്ള മിക്കവാറും കവികൾ പങ്കെടുക്കുന്ന കെഎൽഎഫിൽ, സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ അവാർഡുമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ച തന്നോടുള്ള അവഗണനയോടുള്ള പ്രതികരണമാണ് ഈ രാജിയെന്നും ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.
'കേരള സാഹിത്യ അക്കാദമി മെമ്പർ സ്ഥാനം രാജിവെച്ച വിവരം അറിയിച്ചു കൊള്ളുന്നു' എന്നായിരുന്നു ജോസഫിന്റെ ആദ്യ പോസ്റ്റ്. പിന്നീടാണ് രാജി വെച്ചതിനുള്ള കാരണം വിശദീകരിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്.
കെഎൽഎഫ് ഡയറക്ടർ കെ സച്ചിദാനന്ദൻ കഴിഞ്ഞ മൂന്ന് ഫെസ്റ്റിവലുകളിലും തന്നെ ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. പയ്യന്നൂർ ഫെസ്റ്റിവലിൽ പേരു വച്ചിട്ട് വിളിച്ചില്ല. സർക്കാർ പങ്കാളിത്തമുള്ള പരിപാടിയായിട്ട് കൂടി കെഎൽഎഫിൽ ക്ഷണിച്ചില്ലെന്നും ഇതെല്ലാം കൊണ്ടാണ് സാഹിത്യ അക്കാദമി മെമ്പർ സ്ഥാനം രാജിവയ്ക്കുന്നതെന്നും ജോസഫ് പറയുന്നു. കെഎൽഎഫിൽ ഇനി പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
KLFന്റെ ഡയറക്ടർ സച്ചിമാഷ് ആയിട്ടും കഴിഞ്ഞ മൂന്ന് ഫെസ്റ്റിവലുകളിലായി, ഓൺലൈൻ ഫെസ്റ്റിവൽ ഉൾപ്പെടെ, എന്നെ KLFൽ വിളിച്ചിട്ടില്ല. കേരളത്തിലുള്ള മിക്കവാറും കവികൾ പങ്കെടുക്കുന്ന KLF ൽ സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ അവാർഡും തിരുവനന്തപുരം പുസ്തകമേള പുരസ്കാരവും കനകശ്രീ അവാർഡും മൂടാടി ദാമോദരൻ പുരസ്കാരവും ലഭിച്ച എന്നോടുള്ള അവഗണനയോടുള്ള പ്രതികരണമാണ് ഈ രാജി. എന്റെ കവിതകൾ ഇന്ത്യയിലെ ഭാഷകളിൽ വന്നിട്ടുണ്ട്. ഇംഗ്ലീഷിലും സ്വീഡിഷിലും വന്നിട്ടുണ്ട്. കേരളത്തിലെ കലാലയങ്ങളിൽ എല്ലാം മലയാളത്തിലും ഇംഗ്ലീഷിലും എന്റെ കവിതകൾ പഠിപ്പിക്കുന്നു. പെൻഗ്വിൻ , ഓക്‌സ് ഫോർഡ് , ലിറ്റിൽ മാഗസിൻ എന്നീ പബ്ലീഷേഴ്സ് എന്റെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോയട്രി ഇന്റർനാഷണലും പോയം ഹണ്ടറും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 7 കവിതാ സമാഹാരങ്ങൾ DC പ്രസിദ്ധീകരിച്ചു.
My Sister's Bible എന്ന വിവർത്തനം ഇംഗ്ലീഷിൽ വന്നിട്ടുണ്ട്. മെലേ കാവുളു എന്ന സമാഹാരം കൊല്ലപ്പെട്ട മധുവിന്റെ സ്മരണയ്ക്കായി ഞാൻ ഉൾപ്പെടെ മൂന്നു പേർ എഡിറ്റ് ചെയ്തത് 2022 അവസാനമാണ്. അതിന്റെ പ്രസക്തിയെക്കൂടി ഇല്ലാതാക്കുന്ന അവഗണനയാണിതെന്നതാണ് ഏറ്റവും വേദനാകരം. ഇപ്പോൾ നടക്കുന്ന നിയമസഭാ പുസ്തകമേളയ്ക്കുവേണ്ടി ആരോ ബൈറ്റ് എടുക്കാൻ വരുന്നെന്ന് പറഞ്ഞിട്ട് വന്നില്ല. പയ്യന്നൂർ ഫെസ്റ്റിവലിൽ പേരു വച്ചിട്ട് വിളിച്ചില്ല. ഗവൺമെന്റ് പങ്കാളിത്തമുള്ള പരിപാടി കൂടിയാണ് KLF എന്നാണറിയുന്നത്. ഇതെല്ലാം കൊണ്ടാണ് സാഹിത്യ അക്കാദമി മെമ്പർ സ്ഥാനം രാജിവയ്ക്കുന്നത്.
മാത്രമല്ല, KLF ന്റെ പരിപാടിയിൽ ഇനി പങ്കെടുക്കുന്നതുമല്ല.
വിശ്വസ്തതയോടെ,
എസ്.ജോസഫ്