പുത്രദുഃഖം മറികടക്കാൻ ദത്തെടുത്തു; ദത്തുപുത്രിയുമായി ഒത്തുപോവില്ല, ദത്ത് നടപടി റദ്ദാക്കണമെന്ന് ഹര്‍ജി
ദത്തുപുത്രിയുമായി ഒത്തുപോകാനാകില്ലെന്നും അതിനാല്‍ ദത്ത് നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് ഹരിയാനയില്‍ നിന്ന് ദത്തെടുത്ത പതിമൂന്നുകാരിയെ തിരികെ ഏല്‍പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വിഷയം പരിഗണിച്ച കോടതി പെണ്‍കുട്ടിയുമായി സംസാരിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ദമ്പതികളുടെ ഇരുപത്തിമൂന്നുകാരനായ ഏക മകൻ 2017 ജനുവരി 14 ന് ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു. ഈ ദു:ഖം മറികടക്കാനാണ് ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചത്. കേരളത്തിൽ നിന്ന് കുട്ടിയെ ദത്തെടുക്കാൻ കാലതാമസമുള്ളതിനാൽ പഞ്ചാബിലെ ലുധിയാനയിലുള്ള നിഷ്‌കാം സേവാ ആശ്രമത്തിൽ നിന്ന് 13 വയസുകാരിയെ 2018 ഫെബ്രുവരി16 ന് നിയമപ്രകാരം ദത്തെടുക്കുകയായിരുന്നു.
എന്നാല്‍ തങ്ങളെ മാതാപിതാക്കളായി കാണാന്‍ കുട്ടിക്ക് കഴിയില്ലെന്നു മനസിലാക്കിയെന്നും തങ്ങൾ ദത്തെടുക്കുന്നതിനു മുമ്പ് മറ്റൊരു ഉത്തരേന്ത്യൻ കുടുംബം ആ കുട്ടിയെ ദത്തെടുത്തതാണെന്നും അവർ അതു റദ്ദാക്കി ആശ്രമത്തിൽ തിരിച്ചെത്തിച്ചതാണെന്നും കുട്ടി തന്നെ പലതവണ പറഞ്ഞിട്ടുണ്ടന്നും ഹര്‍ജിയില്‍ പറയുന്നു. ചിലപ്പോൾ അക്രമസ്വഭാവം കാണിക്കുന്ന മകൾ ഭക്ഷണം കഴിക്കാതെ മുറിയടച്ചിട്ടിരിക്കുമെന്നും തങ്ങളോടൊപ്പം കഴിയാന്‍ കുട്ടിക്ക് താല്‍പര്യമില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ ദത്തെടുത്ത നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് കുട്ടിയെ തിരിച്ചയക്കണമെന്ന അപേക്ഷ ശിശു ക്ഷേമ സമതിക്ക് നൽകിയിരുന്നു. എന്നാല്‍ ഈ വർഷം കേന്ദ്രസർക്കാർ ദത്തെടുക്കൽ റെഗുലേഷൻ പരിഷ്കരിച്ചു. ഇതനുസരിച്ച് ജില്ലാ കളക്ടർ മുഖേനയാണ് ദത്തെടുക്കൽ റദ്ദാക്കാൻ നടപടി സ്വീകരിക്കേണ്ടത്. ഇതിന് കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടിയെ തിരിച്ചെടുക്കാൻ ലുധിയാനയിലെ ആശ്രമം അധികൃതരും തയ്യാറായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
രക്ഷിതാക്കൾ തന്നോടൊപ്പം കഴിയാനിഷ്ടമില്ലാത്തതിനാലാണ് താൻ സ്വാദർ ഹോമിൽ കഴിയുന്നതെന്ന് പെൺകുട്ടി പറഞ്ഞതായി സർക്കാർ അഭിഭാഷക ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്നാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയോടു പെൺകുട്ടിയുമായി സംസാരിച്ചു റിപ്പോർട്ടു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.